ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, കേരളം വിട്ടു പോകരുത്, പരാതിക്കാരിയെ സ്വാധീനിക്കരുത്; നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഉദാധികളോടെ ജാമ്യം അനുവദിച്ച് വിചാരണക്കോടതി. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കേരളം വിടരുതെന്നുമുള്ള വ്യവസ്ഥകളോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സുപ്രീം കോടതി ഉത്തരവു പ്രകാരമാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തി വിചാരണകോടതിയിൽ ഹാജരാക്കി ജാമ്യം നൽകണമെന്നായിരുന്നു വ്യവസ്ഥ.

എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥരുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. കൂടാതെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്, പരാതിക്കാരിയുമായി ബന്ധപ്പെട്ട ആരെയും കാണാൻ പാടില്ല, സമൂഹമാധ്യമങ്ങൾ വഴി പരാതിക്കാരിയെ അപമാനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്.

മകൻ ഷഹീൻ സിദ്ദിഖിനൊപ്പമാണു തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെത്തിയത്. നേരത്തെ സുപ്രീം കോടതിയിൽനിന്ന് സിദ്ദിഖ് മുൻകൂർ ജാമ്യമെടുത്തിരുന്നു. ഈ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടൻ ഹാജരായത്. അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണോ, മറ്റ് തെളിവുകളോ സിദ്ദിഖ് ഹാജരാക്കിയിരുന്നില്ല. അതിജീവിതയായ നടി പരാതി നൽകിയത് 8 വർഷത്തിനു ശേഷമാണെന്നതു ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ കേസെടുത്തത്.

2016ൽ മാസ്‌ക്കറ്റ് ഹോട്ടലിൽ ‌സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. നിള തിയറ്ററിൽ സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചർച്ചകൾക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവനടി പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7