പുഷ്പ 2 റിലീസിന് അല്ലു അർജുൻ വരുന്ന കാര്യം പോലീസിനെ അറിയിച്ചില്ല, വേണ്ടത്ര സുരക്ഷാ ഒരുക്കങ്ങൾ നടത്തിയില്ല, യുവതിയുടെ മരണത്തിൽ നടനും സെക്യൂരിറ്റി ടീമിനും തിയറ്റർ മാനേജ്‌മെന്റിനുമെതിരെ കേസെടുക്കുമെന്ന് പോലീസ്

ഹൈദരാബാദ്∙ പുഷ്പ 2 സിനിമയുടെ റിലീസിനെ തുടർന്നുണ്ടായ തിക്കിനും തിരക്കിനുമിടെ യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസെടുക്കുമെന്ന് പൊലീസ്. അല്ലു അർജുന് പുറമേ നടന്റെ സെക്യൂരിറ്റി ടീമിനെതിരെയും സന്ധ്യ തിയറ്റർ മാനേജ്‌മെന്റിനെതിരെയും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

‘‘നടൻ എത്തുമെന്ന് തിയറ്റർ മാനേജ്മെന്റിന് നേരത്തെ അറിയാമായിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് സുരക്ഷാ സംവിധാനങ്ങളോ, നടനും സംഘത്തിനും അകത്ത് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം വഴിയോ തിയറ്റർ മാനേജ്മെന്റ് ഒരുക്കിയില്ലായെന്നും ഹൈദരാബാദ് ഡിസിപി പറഞ്ഞു.

ആരാധന അതിരു കടന്നു, പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചു, ഭർത്താവിനും മക്കൾക്കും പരുക്ക്, അപകടം അ​ല്ലു അ​ർ​ജുനെ കാണാനുള്ള ശ്രമത്തിനിടെ

പുഷ്പ 2 റിലീസിന്റെ ഭാഗമായി ആരാധകരുടെ ഒരു നിര തന്നെ ബുധനാഴ്ച രാത്രി തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. അവർക്കിടയിലേക്ക് യാഥൊരു മുന്നൊരുക്കങ്ങളുമില്ലാതെ അപ്രതീക്ഷിതമായാണ് അല്ലു അർജുൻ എത്തിയത്. സംവിധായകൻ സുകുമാറും എത്തിയിരുന്നു. തുറന്ന ജീപ്പിൽ ആരാധകരെ അഭിവാദ്യം ചെയ്താണ് അല്ലു അർജുൻ എത്തിയത്.

താരത്തെ കണ്ടതും ആരാധകരുടെ ആവേശം അതിരുകടന്നു. പിന്നീട് അല്ലു അർജുന്റെ സുരക്ഷാ ജീവനക്കാർ ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചതോടെ അത് ഉന്തിലും തള്ളിലും കലാശിച്ചു. പൊലീസിനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതോടെ പൊലീസ് ലാത്തി വീശി. ഇതിനിടെയുണ്ടായ സംഘർഷത്തിലാണ് അപകടം നടന്നത്. ദിൽ‌സുഖ്നഗറിലെ രേവതി എന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും രണ്ടു മക്കൾക്കുമൊപ്പം സിനിമ കാണാൻ എത്തിയതായിരുന്നു രേവതി.

തിക്കിലും തിരക്കിനുമിടെ തലകറങ്ങി വീണ രേവതിയുടെ ദേഹത്തേക്ക് മറ്റു ആളുകൾ വീണതോടെ മരണം സംഭവിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

445428397