കൊല്ലം: വാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോണും സ്വർണവും മോഷ്ടിച്ച സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചടയമംഗലം എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ കാറ്റാടിമൂട് ശ്രീജാഭവനിൽ ഷൈജു (36) ആണ് ചിതറ പോലീസിന്റെ പിടിയിലായത്. വാറ്റ്കേസ് പ്രതിയായ ചിതറ മാങ്കോട് തെറ്റിമുക്കിൽ അൻസാരി മൻസിലിൽ അൻസാരിയുടെ വീട്ടിൽ നടന്ന മോഷണത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. അൻസാരിയുടെ വീട്ടിൽ വാറ്റ് കണ്ടെത്താനാണ് ഷൈജു ഉൾപ്പെടെ ആറംഗ എക്സൈസ് സംഘം കഴിഞ്ഞ ഡിസംബറിൽ എത്തിയത്. അവിടെ നിന്നും വാറ്റ് ഉപകരണങ്ങളടക്കം കസ്റ്റഡിയിലെടുത്ത് അൻസാരിയെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ ഷൈജു സ്വർണവും മൊബൈൽഫോണു അടിച്ചുമാറ്റുകയായിരുന്നു.
പിന്നീട് അൻസാരി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നെങ്കിലും ആരാണ് മോഷണം നടത്തിയതെന്ന് കണ്ടെത്താനായിരുന്നില്ല. ഇതിനിടെ മോഷ്ടിച്ച മൊബൈൽ ഫോൺ ഏകദേശം ഒരു വർഷത്തിന് ശേഷം ഷൈജു ഉപയോഗിച്ച് തുടങ്ങിയതോടെ പിടിവീഴുകയായിരുന്നു.