ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ ഷെയ്ൻ ആരോടും ഒരു വാക്കുപോലും മിണ്ടുന്നില്ല. താൻ ദൃക്സാക്ഷിയായ അപകടമേൽപിച്ച മാനസികാഘാതത്തിൽ നിന്നു ഷെയ്ൻ മോചിതനായിട്ടില്ല. വാഹനത്തിലുണ്ടായിരുന്ന 11 പേരിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടതു തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൻ മാത്രമാണ്.
ദുരന്തസ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർക്കു ഷെയ്നും ഇതേ കാറിൽ ഉണ്ടായിരുന്നയാളാണ് എന്നു പോലും മനസ്സിലായില്ല. ഗുരുതരമായി പരുക്കേറ്റവരെയും ചലനമറ്റവരെയും ആംബുലൻസിൽ കയറ്റി ആശുപത്രികളിലേക്കുള്ള നെട്ടോട്ടത്തിലായിരുന്നു എല്ലാവരും. ഒരു വേള എപ്പോഴോ അപകടസ്ഥലത്ത് ഷെയ്ൻ തനിച്ചായി. അതുവഴി വന്ന ഒരു വാഹനത്തിൽ കയറി ഹോസ്റ്റലിൽ തിരിച്ചെത്തി. ആരോടും ഒന്നും മിണ്ടാതെ മുറിക്കകത്തു കയറി വാതിലടച്ചു.
10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് ആദ്യം രേഖപ്പെടുത്തിയത്. എന്നാൽ വാഹനമോടിച്ച വിദ്യാർഥിയുടെ മൊഴിയെടുത്തപ്പോഴാണ് ഷെയ്ൻ കൂടി വാഹനത്തിലുണ്ടെന്നു മനസ്സിലായത്. പിന്നെ ഷെയ്നിനു വേണ്ടിയുള്ള അന്വേഷണമായി. ഹോസ്റ്റലിൽ ഉണ്ടെന്നു കണ്ടെത്തിയതോടെ സുഹൃത്തുക്കൾ അവിടെയെത്തി. അപ്പോഴും ഒന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഷെയ്നെന്നു സുഹൃത്തുക്കൾ പറഞ്ഞു. ഉടനെ ആശുപത്രിയിലെത്തിച്ചു. അവിടെ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. മാനസികാഘാതം മറികടക്കാനുള്ള ചികിത്സ നൽകുന്നുണ്ടെന്നു മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.