കൊല്ലം: നഗരത്തിൽ യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് ബേക്കറിയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട തർക്കം. നഗരത്തിലെ ആശ്രാമം പരിസരത്ത് അടുത്തിടെ അനില തുടങ്ങിയ ബേക്കറിയിൽ അനിലയുടെ ആൺസുഹൃത്തിനുണ്ടായിരുന്ന പങ്കാളിത്തമായിരുന്നു തർക്കത്തിന് കാരണം. കടയിൽ അനിലയുടെ സുഹൃത്തിനുണ്ടായിരുന്ന പാർട്നർഷിപ്പ് ഉടൻ ഒഴിയണമെന്നു പത്മരാജൻ ഇയാളോട് ആവശ്യപ്പെട്ടിരുന്നു.
ബേക്കറിക്കുവേണ്ടി മുടക്കിയ പണം തിരികെ നൽകിയാൽ കടയിലെ പാർട്നർഷിപ്പ് വിടാമെന്നാണ് അനിലയുടെ സുഹൃത്ത് പറഞ്ഞിരുന്നത്. എന്നാൽ പത്മരാജനും അനിലയുടെ സുഹൃത്തുമായി സംഭവത്തിന്റെ പേരിൽ കയ്യാങ്കളി നടന്നു. ബേക്കറിയിൽ വച്ചായിരുന്നു ഇവർ തമ്മിൽ അടിപിടിയുണ്ടായത്. ഇതിനിടെ പാർട്‌നർഷിപ്പ് തുക ഡിസംബർ 10ന് തിരികെ തരാമെന്ന രീതിയിൽ ഒത്തുതീർപ്പും നടന്നു.
എന്നാൽ ഇതിന് പിന്നാലെയാണ് ഇന്ന് രാത്രിയോടെ അനിലയെ പിന്തുടർന്നെത്തിയ പത്മരാജൻ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. കടയിലെ ജീവനക്കാരനായ സോണി എന്ന യുവാവിനെ വീട്ടിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു ആക്രമണം. അതേസമയം അനിലയുടെ സുഹൃത്തായ യുവാവെന്ന് തെറ്റിദ്ധരിച്ചാണ് സോണിയ്ക്ക് നേരെ പത്മരാജൻ പെട്രോൾ ഒഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കൊട്ടിയം തഴുത്തല സ്വദേശി അനില(44)യാണ് മരിച്ചത്. അനിലയ്ക്കൊപ്പം കാറിലുണ്ടായിരുന്ന സോണി പൊള്ളലേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ചെമ്മാൻമുക്കിൽ ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. ആക്രമണത്തിന് ശേഷം അനിലയുടെ ഭർത്താവ് പത്മരാജന്‍ കൊല്ലം ഈസ്റ്റ് പൊലീസിൽ കീഴടങ്ങി.
അനിലയും സോണിയും സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു വാഹനത്തിൽ എത്തിയ പത്മരാജൻ തടഞ്ഞു. തുടർന്ന് പുറത്തിറങ്ങിയ പത്മരാജൻ കാറിന് നേർക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ‘‘ഒരാൾ ഓമ്നിയിൽ വന്ന് കാർ തടഞ്ഞ് നിർത്തുന്നതാണ് കണ്ടത്. തുടർന്ന് കാറിലേക്ക് എന്തോ എറിയുന്നതും കണ്ടു. പൊടുന്നനെ എന്തോ പൊട്ടിത്തെറിച്ചു. ഉടനെ കാറിൽ നിന്ന് ഒരു പുരുഷൻ പുറത്തേക്ക് ഇറങ്ങി ഓടി. ഇയാളുടെ ഒരു വശം മുഴുവൻ പൊള്ളിയിരുന്നു. എന്നാൽ അനിലയ്ക്ക് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാനായില്ല. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ച ശേഷമാണ് അനിലയെ ആശുപത്രിയിലേക്ക് മാറ്റിയത്.
കാറിലുണ്ടായിരുന്ന സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ പൊള്ളലേറ്റ് മരിച്ചു. അപകടമെന്നാണ് ആദ്യം വിചാരിച്ചത്. അടുത്തുള്ള വീടുകളിലേക്ക് ഞങ്ങൾ വെള്ളത്തിനായി ഓടി.’’
സംഭവത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തിൽ രണ്ട് വാഹനങ്ങളും കത്തി നശിച്ചു.