ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ട് ഐപിഎസ് പ്രൊബേഷണറി ഓഫീസര്‍ക്ക് ദാരുണാന്ത്യം. 2023 ബാച്ച് കര്‍ണാടക കേഡര്‍ ഓഫീസര്‍ ഹര്‍ഷ് ബര്‍ധനാ (27)ണ് വാഹനാപകടത്തലിൽ മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.
കര്‍ണാടക പോലീസ് അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം പ്രൊബേഷണറി ഡിഎസ്പിയായി ചുമതലയേറ്റെടുക്കാന്‍ ഹോലേനരസിപുറിലേക്കുള്ള യാത്രയിലായിരുന്നു ഹര്‍ഷ്. പരിശീലനം പൂർത്തിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിങ് ആയിരുന്നു ഇത്.
ഹാസന്- മൈസൂരു റോഡിലെത്തിയപ്പോൾ ടയര്‍ പൊട്ടിത്തെറിച്ചതോടെ ഡ്രൈവര്‍ മഞ്ജെ ഗൗഡയ്ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. പിന്നീട് വാഹനം സമീപത്തെ ഒരു വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഹര്‍ഷ് ബര്‍ധനെയും മഞ്ജെ ഗൗഡയെയും ഹാസനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച വൈകിട്ടോടെ ഹര്‍ഷ് മരണത്തിന് കീഴടങ്ങി. മഞ്ജെ ഗൗഡ ചികിത്സയില്‍ തുടരുകയാണ്. മധ്യപ്രദേശ് സ്വദേശികളായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് അഖിലേഷ് കുമാര്‍ സിങ്ങിന്റെയും ഡോളി സിങ്ങിന്റെയും മകനാണ് ഹര്‍ഷ് ബര്ധന്.