മൊബൈൽ മാറ്റിവച്ച് വീട്ടുജോലി ചെയ്യാൻ പറഞ്ഞിട്ടും അനുസരിച്ചില്ല, 18 കാരിയായ മകളെ പിതാവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

അഹമ്മദാബാദ്∙ വീട്ടുജോലി ചെയ്യാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ച മകളെ പിതാവ് പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പതിനെട്ടുകാരിയായ ഹെതാലി ആണ് മരിച്ചത്. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവ് മുകേഷിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ അമ്മയായ ഗീതാ ബെൻ നൽകിയ പരാതിയിലാണ് കേസ്. മകളോട് വീട്ടുജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടാണ് ഗീത ജോലിക്കു പോയത്. ഈസമയം അസുഖബാധിതനായ ഭർത്താവും വീട്ടിലുണ്ടായിരുന്നു.

പലപ്രാവശ്യം മുകേഷ് മകളോട് മൊബൈൽ മാറ്റിവച്ച് ജോലി ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും മൊബൈൽ ഗെയിമിൽ മുഴുകുകയായിരുന്നു. ഇതിൽ പ്രകോപിതനായ പിതാവ് മകളുടെ തലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രഷർ കുക്കർ ഉപയോഗിച്ചു ആവർത്തിച്ച് അടിക്കുകയായിരുന്നു. വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന മകൻ മായങ്ക് സഹോദരിയുടെ കരച്ചിൽ കേട്ട് അകത്തേക്ക് ഓടിയെത്തിയപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന ഹെതാലിയെ കണ്ടതെന്ന് പൊലീസ് പറഞ്ഞു. മായങ്ക് ഫോൺ വിളിച്ചതിനെ തുടർന്ന് ഗീത വീട്ടിലേക്ക് ഓടിയെത്തി ഹെതാലിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകിയെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു. വീട് വൃത്തിയാക്കാനുള്ള മുകേഷിന്റെ നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് മുകേഷും മകളും തമ്മിൽ വഴക്കുണ്ടായതെന്ന് ചൗക്ക് ബസാർ പൊലീസ് ഇൻസ്‌പെക്ടർ വി.വി. വഗാഡിയ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7