തൃശൂർ: പേരാമംഗലം ആമ്പക്കാട് പള്ളിപ്പെരുന്നാളിനിടെ പൊലീസ് ജീപ്പിനു മുകളിൽ കയറിനിന്നു യുവാവിന്റെ നൃത്തം. മയക്കുമരുന്ന് ലഹരിയിൽ പോലീസ് ജീപ്പിനു മുകളിൽ കയറിയ യുവാവിനെ ഇറക്കാൻ നോക്കിയിട്ടും നടക്കാതെ വന്നതോടെ തള്ളിത്താഴെയിട്ട് പോലീസ്. തൃശൂർ ആമ്പക്കാട് പള്ളി പെരുന്നാളിനിടെ അമ്പ് പ്രതീഷണം കടന്നുപോകുന്നതിനിടെയായിരുന്നു സംഭവം.
പെരുന്നാൾ നടക്കുന്നതിനിടെ രണ്ടു ഗ്രൂപ്പുകൾ തമ്മിൽ അടിയാവുകയായിരുന്നു. അടി നിയന്ത്രിക്കുന്നതിനിടെ പേരാമംഗലം എസ്ഐ ഉൾപ്പെടെ നാലു പോലീസുകാർക്ക് പരുക്കേറ്റു. എസ്ഐയുടെ കൈവിരലിന് ഒടിവുപറ്റി.
ഇതിനിടെ തൃശൂർ പുഴയ്ക്കൽ സ്വദേശിയായ അഭിത് പരമേശ്വരൻ പോലീസ് ജീപ്പിനു മുകളിൽ കയറുകയായിരുന്നു. പിന്നീട് കൈ ഉയർത്തി ചുവടുവയ്ക്കാൻ ആരംഭിച്ചു. ജീപ്പിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ട പൊലീസിനു നേർക്കു വെല്ലുവിളി കൂടി ആയതോടെ സിവിൽ പൊലീസ് ഓഫിസർമാരിലൊരാളായ മനീഷ് ജീപ്പിനു മുകളിൽ കയറിനിന്നു യുവാവിനെ തള്ളി താഴെയിടുകയായിരുന്നു. ആൾക്കൂട്ടത്തിനു മേലേക്കു വീണതിനാൽ യുവാവ് പറ്റിയില്ല.
യുവാവ് കഞ്ചാവ് ലഹരിയിലായിരുന്നു. തുടർന്ന് അഭിത് സഹോദരൻ അജിത്, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചിറ്റാട്ടുകര സ്വദേശി ധനൻ, കുന്നത്തങ്ങാട് സ്വദേശി എഡ്വിൻ ജോസ് എന്നിവർക്കെതിരെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.