പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. മൂന്നാം ദിനം കളി നിർത്തുമ്പോൾ ആതിഥേയർ, മൂന്നു വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയിലാണ്. ഓപ്പണർ ഉസ്മാൻ ഖവാജ ഒൻപതു പന്തിൽ മൂന്നു റൺസുമായി ക്രീസിൽ. രണ്ടു ദിവസത്തെ കളിയും ഏഴു വിക്കറ്റും ശേഷിക്കെ തോൽവി ഒഴിവാക്കാൻ ഓസീസിന് ഇനിയും 522 റൺസ് കൂടി വേണം. രണ്ടു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര, ഒരു വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയ്ക്ക് മേധാവിത്തം സമ്മാനിച്ചത്.
യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനു പിന്നാലെ, ഫോമിലേക്ക് തിരിച്ചെത്തിയ സൂപ്പർതാരം വിരാട് കോലിയും സെഞ്ചറി നേടിയതോടെ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ ഓസീസിന് കൂട്ടത്തകർച്ച. ഇന്ത്യ ഉയർത്തിയ 534 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസീസിന്, 12 റൺസ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി.
നാല് പന്ത് നേരിട്ട ഓപ്പണർ നഥാൻ മക്‌സ്വീനിയെ ആദ്യ ഓവറിൽത്തന്നെ പുറത്താക്കി ബുമ്ര, ഓസീസ് നേരിടാൻ പോകുന്ന അപകടത്തിന്റെ മുന്നറിയിപ്പു നൽകി. എൽബിയിൽ കുരുങ്ങിയാണ് മക്സ്വീനി മടങ്ങിയത്. നൈറ്റ് വാച്ച്മാന്റെ ചുമതല സ്വയം ഏറ്റെടുത്ത് വണ്‍ഡൗണായി എത്തിയ ഓസീസ് നായകൻ പാറ്റ് കമിൻസിനെ മുഹമ്മദ് സിറാജ് സ്ലിപ്പിൽ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ ബുമ്രയുടെ പന്തിൽ മാർനസ് ലബുഷെ്യ്നും വിക്കറ്റിനു മുന്നിൽ കുരുങ്ങിയതോടെ ഓസീസ് മൂന്നിന് 12 റണ്‍സ് എന്ന നിലയിലേക്ക് വീണു. ബുമ്ര 2.2 ഓവറിൽ ഒരു റൺ മാത്രം വഴങ്ങിയാണ് 2 വിക്കറ്റെടുത്തത്. സിറാജ് 2 ഓവറിൽ 7 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, 134.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 487 റൺസുമായി ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ രണ്ടു ദിവസത്തിലധികം കളി ബാക്കിനിൽക്കെ ഓസീസിനു മുന്നിൽ ഉയർത്തിയത് 534 റൺസ് വിജയലക്ഷ്യം. വിരാട് കോലി സെഞ്ചറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യൻ നായകൻ ജസ്പ്രീത് ബുമ്ര ഡിക്ലറേഷൻ പ്രഖ്യാപിച്ചത്. കോലി 143 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് 80–ാം രാജ്യാന്തര സെഞ്ചറി പൂർത്തിയാക്കിയത്. 297 പന്തിൽ 15 ഫോറും മൂന്നു സിക്സും സഹിതം 161 റൺസെടുത്ത യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഇവർക്കു പുറമേ കെ.എൽ. രാഹുൽ (176 പന്തിൽ 77), ദേവ്ദത്ത് പടിക്കൽ (71 പന്തിൽ 25), വാഷിങ്ടൻ സുന്ദർ (94 പന്തിൽ 29), നിതീഷ് റെഡ്ഡി (27 പന്തിൽ പുറത്താകാതെ 38) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഇന്ത്യ ശക്തമായ നിലയിലെത്തിയത്. ഓപ്പണിങ് വിക്കറ്റിൽ രാഹുൽ – ജയ്‌സ്വാൾ സഖ്യം കൂട്ടിച്ചേർത്ത 201 റണ്‍സാണ് ഇന്ത്യയുടെ മികച്ച കൂട്ടുകെട്ട്. ഓസീസ് മണ്ണിൽ ഓപ്പണിങ് വിക്കറ്റിൽ ഇന്ത്യയുടെ റെക്കോർഡ് കൂട്ടുകെട്ടാണിത്. രണ്ടാം വിക്കറ്റിൽ ജയ്സ്വാൾ – പടിക്കൽ സഖ്യവും (74), ആറാം വിക്കറ്റിൽ കോലി – വാഷിങ്ടൻ സുന്ദർ സഖ്യവും (89), പിരിയാത്ത ഏഴാം വിക്കറ്റിൽ കോലി – നിതീഷ് റെഡ്ഡി സഖ്യവും (77) അർധസെഞ്ചറി കൂട്ടുകെട്ടും തീർത്തു.