പാലക്കാട്: 27 ദിവസം നീണ്ടുനിന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിന് ശേഷം പാലക്കാട് ഇന്ന് പോളിങ് ബൂത്തിലേക്ക്. മണ്ഡലത്തിലെ 185 പോളിങ് ബൂത്തുകളും തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമായിക്കഴിഞ്ഞു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സമയം. പുലർച്ചെ 5.30 ന് മോക് പോൾ ആരംഭിക്കും. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്. വനിതാ ഓഫീസർമാരുടെ മേൽനോട്ടത്തിൽ ഒരു പോളിങ് സ്റ്റേഷനും ഒമ്പത് മാതൃകാ പോളിങ് ബൂത്തും മണ്ഡലത്തിലുണ്ട്.
മണ്ഡലത്തിൽ 1,94,706 വോട്ടർമാരാണുള്ളത്. പാലക്കാട് നഗരസഭ, കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകൾ ചേർന്നതാണ് പാലക്കാട് മണ്ഡലം. വോട്ടർമാരിൽ സ്ത്രീകളാണ് കൂടുതൽ- 1,00,290. പുരുഷ വോട്ടർമാർ- 94,412, നാല് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.
ഭിന്നശേഷി സൗഹൃദം ഉറപ്പുവരുത്താനായി 184 ബൂത്തുകളും അടിനിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ റാംപ് സൗകര്യമുണ്ട്. ചലന വൈകല്യമുള്ളവർക്ക് വീൽചെയർ, കാഴ്ച പരിമിതി ഉള്ളവർക്ക് സഹായികൾ, കുടിവെള്ളം, വോട്ടിങ് മെഷീനിൽ ബ്രെയിൻ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്. മാത്തൂർ എഎൽപി സ്കൂളിലാണ് ഏറ്റവും കൂടുതൽ ഭിന്നശേഷി വോട്ടർമാർ–145.
രാഷ്ട്രീയ എതിരാളികൾക്കു നേരേ പരസ്പരം പ്രയോഗിച്ച ആരോപണങ്ങൾ, അതിന്റെ തിരിച്ചടികൾ, സ്ഥാനാർഥി നിർണയം, അതിന്റെ പേരിലുള്ള ഡോ. സരിന്റെ സിപിഎം പ്രവേശനം, സന്ദീപ് വാര്യരുടെ കോൺഗ്രസ് തട്ടകത്തിലേക്കുള്ള ചേക്കേറൽ, കള്ളപ്പണം ട്രോളിവിവാദം, ഹോട്ടൽ റെയ്ഡ്, മറുകണ്ടംചാടൽ, വിവാദകത്തുകൾ, പരാമർശങ്ങൾ, സ്പിരിറ്റ്, വ്യാജവോട്ട്, ഇരട്ടവോട്ട്, ആത്മകഥ, മുനമ്പം വിഷയവുമടക്കം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങൾക്കൊണ്ട് സംഭവ ബഹുലമായിരുന്നു കഴിഞ്ഞ 27 ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം.
മാത്രമല്ല ഈ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ട് ചർച്ചചെയ്യാതെ പോയ വിഷയങ്ങൾ കുറവായിരുന്നു. അരയും തലയും മുറുക്കി നേതാക്കളും അണികളും രംഗത്തിറങ്ങിയതോടെ ഒരിക്കലുമില്ലാത്ത പോരാട്ട ആവേശമായിരുന്നു പാലക്കാട്ട് കാണുവാൻ സാധിച്ചത്.
അതിനാൽതന്നെ കനത്ത പോളിംഗ് തന്നെയാണു മൂന്നു മുന്നണികളും പ്രതീക്ഷിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ, എൽഡിഎഫ് സ്ഥാനാർഥി ഡോ. പി.സരിൻ എന്നിവർ തമ്മിലുള്ള ത്രികോണമത്സരമാണ് നടക്കുന്നത്. 23നാണ് വോട്ടെണ്ണൽ.