ജൊഹാനസ്ബര്‍ഗ്: കഴിഞ്ഞ രണ്ടുകളിയിൽ ഡക്കിൽ പുറത്തായെന്ന നാണക്കേട് മറികടന്ന് മലയാളി താരം സഞ്ജുവിന്റെ അർദ്ധ ശതകം. 28 ബോളിലാണ് സഞ്ജു അർദ്ധ സെഞ്ചുറി നേടിയത്. 28ാമത്തെ ബോളിൽ മനോഹരമായൊരു സിക്സറിലൂടെയായിരുന്നു താരത്തിന്റെ അർദ്ധ സെഞ്ചുറി. 36 റൺസെടുത്ത അഭിഷേക് ശർമ ക്ലാസന് ക്യാച്ച് നൽകി പുറത്തായെങ്കിലും തിലക് വർമയെ കൂട്ടുപിടിച്ചാരുന്നു മലയാളി താരത്തിന്റെ മുന്നേറ്റം.
യാന്‍സന്റെ ആദ്യ ഓവറില്‍ കരുതലോടെ തുടങ്ങിയ സഞ്ജു, ജെറാള്‍ഡ് കോട്‌സിയെറിഞ്ഞ രണ്ടാം ഓവര്‍ മുതല്‍ ഗിയർ മാറ്റി തുടങ്ങി. ഒരു ഫോറും സിക്‌സുമായിരുന്നു സമ്പാദ്യം. യാന്‍സന്‍ വീണ്ടുമെത്തിയപ്പോള്‍ പക്ഷേ, സഞ്ജു ആദ്യ ഓവറിലെ മയം കാണിച്ചില്ല. സിക്‌സിന് പായിച്ചു. നാലാം ഓവറില്‍ സിപംലയെയും സിക്‌സും ഫോറും പായിച്ച് പ്രഹരിച്ചു.
സിമലെന്റെ അഞ്ചാം ഓവറില്‍ അഭിഷേക് ശര്‍മകൂടി താണ്ഡവം തുടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 68-ലെത്തി. മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സായിരുന്നു ഓവറിലെ സമ്പാദ്യം. എന്നാല്‍ സിപംല എറിഞ്ഞ ആറാം ഓവറില്‍ അഭിഷേക് ശര്‍മ വിക്കറ്റ് കീപ്പര്‍ ക്ലാസന് ക്യാച്ച് നല്‍കി പുറത്തായി (18 പന്തില്‍ 36). നാല് സിക്‌സും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെയാണിത്.
സഞ്ജുവിന്റെ വ്യക്തിഗത സ്‌കോര്‍ 46-ല്‍ നില്‍ക്കേയാണ് സ്റ്റബ്‌സെത്തിയത്. തുടര്‍ച്ചയായ രണ്ട് സിക്‌സുകള്‍ നേടി സഞ്ജു വ്യക്തിഗത സ്‌കോര്‍ 59 റണ്‍സിലെത്തിച്ചു. 12.5 ഓവര്‍ പിന്നിടുമ്പോള്‍ 37 പന്തില്‍ 79 റണ്‍സെന്ന നിലയിലാണ് സഞ്ജു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഇന്ന് വിജയിച്ചാല്‍ പരമ്പര ഉറപ്പിക്കാം.