വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണി; നീറ്റ് വിദ്യാർഥിനിയായ 17 കാരിയെ ആറുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചു; കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ

കാൻപുർ: നീറ്റ് പരീക്ഷാർഥിനിയെ ആറുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ. കോച്ചിങ് സെന്ററിലെ പ്രമുഖ അധ്യാപകരായ സഹിൽ സിദ്ദിഖി (32), വികാസ് പോർവാൾ (39) എന്നിവരാണ് അറസ്റ്റിലായത്. നീറ്റ് പരീക്ഷാ പരിശീലനത്തിനായി ഫത്തേപൂരിൽ നിന്നുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്.

2022 ഡിസംബറിൽ നഗരത്തിലെ ഹോസ്റ്റലിൽ താമസിക്കുമ്പോഴാണ് വിദ്യാർഥിനിക്ക് നേരെയുള്ള പീഡനം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ ബയോളജി അധ്യാപകനായിരുന്ന സഹിൽ ന്യൂ ഇയറിനോടനുബന്ധിച്ച് എല്ലാ വിദ്യാർഥികൾക്കുമായി പാർട്ടി സംഘടിപ്പിക്കുന്നുവെന്ന് പറഞ്ഞ് കുട്ടിയെ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ഫ്ലാറ്റിലെത്തിയപ്പോഴാണ് അവിടെ മറ്റാരുമില്ലെന്ന് കുട്ടിക്ക് മനസിലായത്. തുടർന്ന് കുട്ടിയ്ക്ക് ശീതളപാനിയത്തിൽ മദ്യം കലർത്തി നൽകി പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു.

പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി കുട്ടിയെ ആറുമാസത്തോളം പീഡനത്തിനിരയാക്കുകയും ഫ്ലാറ്റിൽ തടവിൽ പാർപ്പിച്ച് ബലം പ്രയോഗിച്ച് പാർട്ടികളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ഇതിനിടെ പാർട്ടിക്കെത്തിയ വികാസ് അവിടെ വച്ച്കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിനിരയാക്കിയ സമയത്ത് കുട്ടി പ്രായപൂർത്തിയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

സമാനമായ രീതിയിൽ മറ്റൊരു കുട്ടിയെ സഹിൽ പീഡിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്താകുകയും ഏതാനും മാസം മുമ്പ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യം അറിഞ്ഞതോടെയാണ് പെൺകുട്ടിയും പരാതി നൽകാനുള്ള ധൈര്യം കാട്ടിയത്. വെള്ളിയാഴ്ച വികാസിനെയും ജാമ്യത്തിലായിരുന്ന സഹലിനെയും അറസ്റ്റ് ചെയ്തതായി കാൻപുർ പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം (പോക്‌സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7