പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല, പ്രശാന്തൻ എന്തിനാണ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയതെന്ന് അന്വേഷിച്ചിട്ടില്ല; ജാമ്യ ഹർജിയിൽ കൂടുതൽ വാദങ്ങളുമായി ദിവ്യ

 

കണ്ണൂര്‍: മുൻകൂർ ജാമ്യ ഹർജിയിൽ ഉന്നയിച്ചതിനും കൂടുതൽ വാദങ്ങളുമായി എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലായ പിപി ദിവ്യയുടെ ജാമ്യ ഹർജി. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നാണ് ജാമ്യഹര്‍ജിയില്‍ പ്രധാനമായും ഉന്നയിക്കുകയെന്ന് പ്രതിഭാഗം അഭിഭാഷകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ കൃത്യതയും വ്യക്തതയും ഇല്ല. തെറ്റുപറ്റിയെന്ന് നവീന്‍ബാബു പറഞ്ഞതായുള്ള കലക്റ്ററുടെ മൊഴി പോലീസ് റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതിന്റെ വിശദാംശങ്ങളോ, എന്തിനെക്കുറിച്ചാണ് പറഞ്ഞതെന്നോ പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല.

കൂടാതെ സംഭവത്തില്‍ അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ മൊഴിയെടുക്കണം. പെട്രോൾ പമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതിക്കാരനായ പ്രശാന്തന്‍ വിജിലന്‍സ് ഡിവൈഎസ്പിക്ക് മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍, പോലീസ് റിപ്പോര്‍ട്ടില്‍ മൊഴിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയില്ല. മാത്രമല്ല പ്രശാന്തൻ എന്തിനാണ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയത് എന്നതിനെക്കുറിച്ച് അന്വേഷണം നടന്നില്ലെന്നും പ്രതിഭാഗം വാദിക്കുന്നു.

നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ദിവ്യയെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ദിവ്യ പോലീസിന്റെ കസ്റ്റഡിയിലായത്. തുടര്‍ന്ന് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തതോടെ ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി.

ദിവ്യ സമർപ്പിച്ച ഹര്‍ജി പരിഗണിക്കുന്ന മുറയ്ക്ക് കോടതി ഇനി പോലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടും. ജാമ്യത്തെ എതിര്‍ത്ത് കക്ഷിചേരുമെന്ന് നവീന്‍ബാബുവിന്റെ കുടുംബവും ഭാര്യയും അറിയിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7