ടെഹ്റാൻ: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാൻ. “ഞങ്ങൾ യുദ്ധത്തിനില്ല, പക്ഷേ എന്നാൽ രാജ്യത്തിന്റേയും ഇവിടുത്തെ ആളുകളുടെയും അവകാശം സംരക്ഷിക്കും. സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തിന് തക്ക മറുപടി നൽകും. ഇസ്രയേൽ ആക്രമണം തുടർന്നാൽ ആശങ്കപ്പെടുത്തുന്ന നിലയിലേക്ക് സാഹചര്യം മാറും” -പെസശ്കിയാൻ വ്യക്തമാക്കി.
ഇസ്രായേലിന് കുറ്റകൃത്യങ്ങൾ നടത്താനുള്ള സഹായം ചെയ്തുകൊടുക്കുന്നത് യു.എസാണെന്നും പെസശ്കിയാൻ വിമർശിച്ചു. ഉചിതമായ സമയത്ത് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു.
ഇസ്രായേൽ നടത്തിയ ആക്രമണത്തെ പെരുപ്പിച്ച് കാട്ടുകയോ വിലകുറച്ച് കാണുകയോ ചെയ്യരുതെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു. ‘‘ഇസ്രായേൽ ഭരണകൂടത്തിന്റെ തെറ്റായ കണക്കുകൂട്ടലുകൾ തകർക്കണം. ഇറാൻ യുവതയുടെയും രാജ്യത്തിന്റെയും കരുത്തും ഇച്ഛാശക്തിയും അവർ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന്റെ താൽപര്യങ്ങൾ നിറവേറ്റുന്ന നടപടികൾ സ്വീകരിക്കേണ്ടത് അധികാരികളാണ്’’ -അദ്ദേഹം പറഞ്ഞു.
അതിനിടെ ഖമനയി ഹീബ്രുവിൽ ട്വീറ്റ് ചെയ്യാൻ ഉപയോക്കുന്ന അക്കൗണ്ട് സമൂഹമാധ്യമമായ എക്സ് സസ്പെൻഡ് ചെയ്തു. ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ പ്രതികരിച്ചുകൊണ്ട് ഖമനയി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. ‘സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റ് ചെയ്തു. ഇറാനെക്കുറിച്ച് അവർക്കുള്ള കണക്കൂട്ടലുകൾ തെറ്റിയിരിക്കുന്നു. ഇറാന്റെ ശക്തിയും ശേഷിയും സംവിധാനങ്ങളും എന്താണെന്ന് ഞങ്ങൾ മനസിലാക്കിക്കൊടുക്കും’ – എന്നിങ്ങനെയായിരുന്നു ഖമനയി എക്സിൽ കുറിച്ചത്.
ഇസ്രായേലിൽ ഏറ്റവും ഉപയോഗത്തിലുള്ള ഭാഷയാണ് ഹീബ്രു. ഇറാൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ചയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. @Khamenei_Heb എന്ന എക്സ് അക്കൗണ്ടുവഴിയാണ് ഖമനയി ഹീബ്രുവിൽ ട്വീറ്റ് ചെയ്തത്. എന്നാൽ പിന്നീട് ഈ അക്കൗണ്ട്, എക്സിന്റെ ചട്ടങ്ങൾ ലംഘിച്ചു എന്നുകാണിച്ച് സസ്പെൻഡ് ചെയ്ത നിലയിലാണുള്ളത്. എന്നാൽ ഖമനയിയുടെ പ്രധാന എക്സ് അക്കൗണ്ട് ഇപ്പോഴും ആക്ടീവാണ്.
അതേസമയം, ആക്രമണം എല്ലാ ലക്ഷ്യങ്ങളും നേടിയതായും ഇറാനെ ഏറെ ദോഷകരമായി ബാധിച്ചുവെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇരുപത് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തെ ഒരു പരിധിവരെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്. മൂന്ന് കേന്ദ്രങ്ങളിലാണ് ചെറിയ നാശനഷ്ടമുണ്ടായത്. നാല് സൈനികർ കൊല്ലപ്പെടുകയും ചെയ്തു. ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു.
Leave a Comment