നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്ക ശേഖരത്തിന് തീപിടിച്ചപ്പോൾ ജനം പരിഭ്രാന്തരായി നാലുഭാഗത്തേക്കും ചിതറി ഓടുകയായിരുന്നു. ഇതിനിടെയാണ് തെയ്യം കലാകാരനും പൊലീസുകാരനുമായ നിധിന്‍ പണിക്കര്‍ അപകടസ്ഥലത്തെത്തുന്നത്. തീ കത്തുന്നതിനിടയിലേക്ക് എടുത്ത് ചാടി, അവിടെ കുടുങ്ങിക്കിടക്കുന്ന കുട്ടിയേയും കൊണ്ട് പുറത്തേക്ക്…
‘വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നത് കണ്ടു. പിന്നെ ഒന്നും നോക്കിയില്ല. വീട്ടുകാരെ ഓര്‍ക്കാനൊന്നും നേരം ഉണ്ടായിരുന്നില്ല. അങ്ങോട്ടേക്ക് ഓടുകയായിരുന്നു. മുമ്പില്‍ പൊള്ളലേറ്റു കിടക്കുന്ന കുട്ടികളും സ്ത്രീകളും. തീ കണ്ടു, കുട്ടി പെട്ടുകിടക്കുന്നത് കണ്ടപ്പോള്‍ ഒന്നും നോക്കിയില്ല. പടക്കം ഉണ്ടായോ എന്നൊന്നും നോക്കിയില്ല…’- നിധിന്‍ പണിക്കര്‍ പറയുന്നു.
പടക്കശേഖരത്തിന് തീപ്പിടിച്ച് നൂറ്റമ്പതിലേറെപ്പേര്‍ക്കാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കാസര്‍കോട് ജില്ലാ ആസ്പത്രിയിലും മറ്റ് സ്വകാര്യ ആസ്പത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആസ്പത്രികളിലേക്കും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കും മാറ്റി. പരിക്കേറ്റവരില്‍ പ്രകാശന്‍, മകന്‍ അദ്വൈത്, ലതീഷ് എന്നിവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Leave a Comment