ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഹീബ്രു ഭാഷയിൽ തുടങ്ങിയ അക്കൗണ്ട് സമൂഹമാധ്യമമായ എക്സ് സസ്പെൻഡ് ചെയ്തു. 2 ദിവസം മുൻപാണു ഖമനയി തന്റെ പ്രധാന അക്കൗണ്ടിനു പുറമെ എക്സിൽ ഹീബ്രു ഭാഷയിലുള്ള പുതിയ അക്കൗണ്ട് തുടങ്ങിയത്. ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു ഇത്. വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേലിനെ നിശിതമായി വിമർശിക്കുന്ന 2 പോസ്റ്റുകളും ഖമനയി പങ്കുവച്ചിരുന്നു.
ഇസ്രയേലിന്റെ ഔദ്യോഗിക ഭാഷയാണ് ഹീബ്രു. ഞായറാഴ്ചയാണ് അവസാനത്തെ പോസ്റ്റ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചത്. ‘സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റു ചെയ്തു. ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലും തെറ്റിയിരിക്കുന്നു. ഇറാനെന്ന ദേശത്തിന് എന്തുമാത്രം ശക്തിയും കഴിവും ആഗ്രഹവും പ്രേരണകളുമാണ് ഉള്ളതെന്ന് അവർക്ക് ഉടൻ മനസ്സിലാകും’ എന്നായിരുന്നു പോസ്റ്റ്.
ഖമനയിയുടെ പ്രധാന ഔദ്യോഗിക അക്കൗണ്ടിൽ അപൂർവമായി മാത്രമാണ് ഹീബ്രുവിൽ വിവരങ്ങൾ പങ്കുവച്ചിരുന്നത്. കൂടുതലും ഇംഗ്ലിഷിലാണ് പോസ്റ്റുകൾ. പ്രധാന അക്കൗണ്ടിൽ ഇസ്രയേലിനെതിരെ കടുത്ത ഭാഷ ഉപയോഗിക്കാതിരിക്കാനും ഖമനയി ശ്രദ്ധിച്ചിരുന്നു.
X Suspends Iranian Supreme Leader’s Hebrew Account After Israel Criticism
Iran- Israel Tension World News Ayatollah Ali Khamenei