വാഷിങ്ടൺ: ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ചോർന്നുവെന്ന് റിപ്പോർട്ട്. യു.എസ് രഹസ്വാന്വേഷണ വിഭാഗത്തിന്റെ കൈയിൽ നിന്നാണ് രേഖകൾ ചോർന്നത്. ഇതുസംബന്ധിച്ച് യു.എസ് അന്വേഷണം ആരംഭിച്ചുവെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ചോർന്ന വിവരങ്ങളുടെ ആധികാരികത സ്ഥിരീകരിക്കാനായിട്ടുണ്ടെന്നും സി.എൻ.എൻ വ്യക്തമാക്കി.
ഒക്ടോബർ 15,16 തീയതികളിൽ തയാറാക്കിയ രേഖകളാണ് ചോർന്നത്. വെള്ളിയാഴ്ച മുതൽ ഈ രേഖകൾ ടെലിഗ്രാമിലൂടെ ചോർന്നിരുന്നു. മിഡിൽ ഈസ് സ്പെക്ട്ടേറ്റർ എന്ന അക്കൗണ്ടിലൂടെയാണ് രേഖകൾ ചോർന്നത്. അതീവ രഹസ്യസ്വഭാവമുള്ള രേഖകളെന്ന് പറയുന്ന വിവരങ്ങളാണ് ചോർന്നത്. യു.എസിന് പുറമേ സഖ്യകക്ഷികളായ ആസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, യു.കെ തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രമേ രേഖകളെ കുറിച്ച് വിവരമുള്ളുവെന്നാണ് സൂചന.
ഇറാനെ ആക്രമിക്കുന്നതിന്റെ ഭാഗമായി യുദ്ധോപകരണങ്ങൾ നീക്കുന്നത് സംബന്ധിച്ചാണ് രേഖകളിൽ ഒന്ന്. രണ്ടാമത്തെ രേഖകളിൽ ആക്രമണം നടത്തുന്നതിനായി ഇസ്രായേൽ എയർഫോഴ്സ് നടത്തുന്ന തയാറെടുപ്പുകളെ കുറിച്ചാണ്.
അതേസമയം, ഇക്കാര്യത്തിൽ പെന്റഗൺ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം എഫ്.ബി.ഐയും യു.എസ് ഇന്റലിജൻസ് ഏജൻസിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതിനിടെയുണ്ടായ രേഖകളുടെ ചോർച്ച വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.