പാലക്കാട്: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനറായിരുന്ന ഡോ. പി.സരിന്‍ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് സരിന്‍ സിപിഎമ്മിനോട് സമ്മതം അറിയിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം. വ്യാഴാഴ്ച നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തെ സരിന്‍ സമ്മതം അറിയിച്ചതോടെ തൻ്റെ ഉറ്റ സുഹൃത്തായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയാകും മത്സരത്തിനിറങ്ങുക.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് പി. സരിന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ തിരുത്തലുണ്ടാവണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് നേതാവ് പി. സരിന്‍ ഇന്ന് രാവിലെ രംഗത്തെത്തിയത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് സരിന്‍ രംഗത്തെത്തിയത്. പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ സാധ്യതകല്‍പിക്കപ്പെട്ട വ്യക്തികളില്‍ ഒരാളായിരുന്നു സരിന്‍.
സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ സരിനുമായി ചര്‍ച്ചനടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റില്‍ ധാരണയായിരുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസിലെ ഭിന്നത രാഷ്ട്രീയമായി ഉപയോഗിക്കാമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. അതേസമയം സരിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നും പുറത്തുപോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നുമാണ് വിവരം.
അതിനിടെ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന പി.സരിനുമായി കൂടിക്കാഴ്ച പി.വി.അൻവർ എംഎൽഎ നടത്തിയിരുന്നു. തൃശൂർ തിരുവില്വാമലയിലെ സരിന്റെ ബന്ധുവീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർഥിയാക്കാൻ ലക്ഷ്യമിട്ടാണ് സന്ദർശനമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഇരുവരും പ്രതികരിച്ചില്ല.
പത്തനംതിട്ടക്കാരനായ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെതിരെയാണ് സരിൻ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ സ്ഥാനാർഥിയെയും പ്രഖ്യാപിക്കുകയെന്ന കുറച്ചുകാലമായി തുടരുന്ന രീതി ആവർത്തിച്ച് ശുഭപ്രതീക്ഷയിലായിരുന്ന കോൺഗ്രസിനെ, സരിന്റെ വിമർശനങ്ങൾ ഞെട്ടിച്ചു. സരിനെ ഒപ്പം നിർത്തിയാൽ കോൺഗ്രസിലെ വോട്ടുകൾ അടർത്തിമാറ്റാം എന്ന പ്രതീക്ഷയിലാണ് സിപിഎം. ഈ നീക്കത്തിനിടെയാണ് അൻവറിന്റെ രംഗപ്രവേശം ഉണ്ടായത്. എന്നാൽ സരിൻ സിപിഎം നേതാക്കളോട് സമ്മതം മൂളിയതായാണ് പുതിയ റിപ്പോർട്ടുകൾ.
p sarin will contest with cpm palakkad assembly by election