തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമാണ് സ്ഥാനാർത്ഥികൾ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വയനാട്ടിൽ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു.
നവംബർ 13 നാണ് മൂന്ന് സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുക. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. മത്സരിക്കുന്നവർക്ക് ഈ വെള്ളിയാഴ്ച മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാമെന്നാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചത്. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്. സൂക്ഷ്മ പരിശോധന 28ന് നടക്കും. പിൻവലിക്കാനുള്ള തീയതി ഒക്ടോബർ 30 ആണ്. ഇതിനു ശേഷം ആകെ 12 ദിവസമാണ് പ്രചാരണത്തിനായി ലഭിക്കുക. ഝാർഖണ്ടിലെ ആദ്യ ഘട്ട വോട്ടെടുപ്പിനൊപ്പമാണ് കേരളം അടക്കുമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
അതിനിടെ കല്‍പ്പാത്തി രഥോത്സവ ദിനത്തില്‍ നിശ്ചയിച്ചിരിക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. വോട്ടെടുപ്പ് ദിനമായ നവംബര്‍ 13 നാണ് കല്‍പ്പാത്തി രഥോത്സവവും നടക്കുന്നത്. ഈ സാഹചര്യത്തില്‍ നവംബര്‍ 13-ന് മുന്‍പുള്ള ഏതെങ്കിലും തീയതിയിലേക്ക് വോട്ടെടുപ്പ് മാറ്റണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ വോട്ടെടുപ്പ് നവംബർ 20 ലേക്ക് മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം.
അതേസമയം കോൺഗ്രസിനു പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്ന് ചോദിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടു. കെ. കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രസുകാർക്ക് കിട്ടിയുള്ളൂവെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം പങ്കുവച്ച് പത്മജ കുറിച്ചു. പാലക്കാട് കെ. മുരളീധരന്റെ പേര് കേട്ടിരുന്നു. കെ. കരുണാകരന്റെ മകനു സീറ്റ് കൊടുക്കില്ലെന്ന് താൻ പറഞ്ഞത് ശരിയായില്ലേയെന്നും പാലക്കാട് ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ. മുരളീധരനു സീറ്റ് നിഷേധിച്ചുവെന്നും പത്മജ ആരോപിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പാലക്കാട് ശ്രീ രാഹുൽ മങ്കൂട്ടത്തിൽ മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ? കെ.കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രസുകാർക്ക് കിട്ടിയുള്ളൂ ഇലക്ഷനു മത്സരിപ്പിക്കാൻ? കെ.മുരളീധരന്റെ പേര് കേട്ടിരുന്നു. ഞാൻ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്റെ മകന് അവർ സീറ്റ് കൊടുക്കില്ല എന്ന്. പറഞ്ഞത് ശരിയായില്ലേ ? പാലക്കാട് ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരനു സീറ്റ് നിഷേധിച്ചു. ഇത് ആരും ഇല്ല എന്ന് പറയേണ്ട.
byelection Congress candidates to by election seats in Kerala announced latest kerala news pathram online pathram news todays news election news palakkad chelakkara wayanad candidates