തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിച്ചെന്ന ആരോപണവുമായി നാറ്റ്പാക് ഉദ്യോഗസ്ഥന്‍. കാര്‍ യാത്രയില്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കണമെന്ന മോട്ടര്‍ വാഹന വകുപ്പിന്റെ തീരുമാനം റദ്ദാക്കാന്‍ വിളിച്ച യോഗത്തിലാണ് സംഭവം. നാറ്റ്പാക്കിലെ ഹൈവേ എന്‍ജിനീയറിങ് ഡിവിഷന്‍ സീനിയര്‍ സയന്റിസ്റ്റ് സുബിന്‍ ബാബുവാണ് യോഗത്തിലെ മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ ആഞ്ഞടിച്ചത്.
കൊച്ചുകുട്ടിക്കു പോലും മനസ്സിലാകുന്ന തരത്തില്‍ വിഷയം അവതരിപ്പിച്ച ഉദ്യോഗസ്ഥരെ, ഇതേപ്പറ്റി ലവലേശം വിവരമില്ലാത്ത തലപ്പത്തിരിക്കുന്നവര്‍ ആക്ഷേപഹാസ്യത്തോടെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് രാഷ്ട്രീയ ലാഭത്തിനും ഈഗോ കാണിക്കാനും വേണ്ടി അടച്ചാക്ഷേപിക്കുന്നതു കണ്ടെന്ന് സുബിന്‍ ബാബു ഫെയ്‌സ്ബുക്കില്‍ എഴുതി. സംഭവം വിവാദമായതിനെ തുടര്‍ന്ന് സുബിന്‍ ബാബു പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആസൂത്രണ, ഗവേഷണ സ്ഥാപനമാണ് നാറ്റ്പാക്.
സുബിന്‍ ബാബുവിന്റെ കുറിപ്പിലെ പ്രധാന ഭാഗങ്ങള്‍:
‘‘ബഹുമാനപ്പെട്ട അങ്ങ് മനസ്സിലാക്കുക. താന്‍ എന്തു പൊട്ടനാടോ എന്നു തിരികെ അവരാരും ചോദിക്കാതെ അപമാനം സഹിച്ചത് തേജോവധം ചെയ്യുമെന്നു പേടിച്ചിട്ടാണ്. പൊട്ടയായ വ്യക്തിത്വമുള്ളയാളാണെന്നാണു പുറത്ത് അറിയുന്നത്. അണ മുട്ടിയാല്‍ നീര്‍ക്കോലിയും കടിക്കും എന്നു പൊട്ടത്തരം വിളിച്ചു പറയുന്നവര്‍ ഓര്‍ക്കണം. അന്നം തരുന്ന സ്ഥാപനത്തെ തള്ളിപ്പറഞ്ഞാല്‍ എല്ലാവരും സഹിക്കണമെന്നില്ല. ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ഒരുപാടുപേര്‍ ഇവിടെയുണ്ട്.
വിഷയത്തില്‍ ആധികാരിക അറിവുള്ളവര്‍ പറയുന്നതിനെ ഇളിച്ച ചിരിയോടെ കളിയാക്കുന്നതു കണ്ട അസ്വസ്ഥത ഇപ്പോഴും മാറിയിട്ടില്ല. ശരിയായില്ല സര്‍, അങ്ങു കാണിച്ചത്. ഞങ്ങളാരും ആത്മാഭിമാനം ഇല്ലാത്തവരല്ല. അങ്ങ് ഇരിക്കുന്ന സീറ്റിനു വിലയുള്ളതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ ആക്ഷേപം സഹിച്ചത്. നല്ലതു ചെയ്ത ഗതാഗത കമ്മിഷണര്‍ ഇളിഭ്യനായി. മലയാളികള്‍ക്കു സന്തോഷവുമായി. ഇവിടെ എല്ലാ പരിപാടിയും ഞാനാണ്. മീഡിയ കവറേജ് കൊടുക്കാത്ത എല്ലാ പരിപാടിയും ഞാന്‍ മുടക്കും എന്നതാണു നിലപാട്. മിനിയാന്നത്തെ ഓര്‍ഡര്‍ ഇന്നലത്തെ വേസ്റ്റ് പേപ്പറായി.
പുതിയ ഗതാഗത കമ്മിഷണര്‍ക്ക് മന്ത്രിയെ അത്ര വശമില്ലെന്നു തോന്നുന്നു. പുള്ളി അറിയാതെ സര്‍ക്കുലര്‍ ഇട്ടത്രെ. ചൈല്‍ഡ് റെസ്‌ട്രെയിന്റ് സിസ്റ്റം അത്യാവശ്യമാണ്. എന്നാല്‍ നടപ്പാക്കാന്‍ സാവകാശം ആവശ്യമുണ്ട്. അതു മാത്രമേ ഗതാഗത കമ്മിഷണര്‍ നാഗരാജു സാറിന്റെ സര്‍ക്കുലറില്‍ ഞാന്‍ കണ്ടുള്ളു. കാര്‍ വാങ്ങാന്‍ പൈസ കണ്ടെത്തിയെങ്കില്‍ അതിന്റെ കൂടെ ഒരു 3,000 കൂടി മുടക്കിയാല്‍ ഒരു കുട്ടിയെ സുരക്ഷിതമായി കൊണ്ടുപോകാം.’’
NATPAC Official Slams Minister Ganesan Over Child Car Seat Law Reversal
KB Ganesh Kumar Motor Vehicles Department Kerala News