തിരുവനന്തപുരം: വിവാദങ്ങൾക്കും എൽഡിഎഫിൽ നിന്നുള്ള പുറത്തുപോകലിനും പിന്നാലെ നിലമ്പൂർ എംഎൽഎ പി.വി അൻവർ നിയമസഭയിലെത്തി. കയ്യിൽ ചുവന്ന തോർത്തുമായാണ് അൻവർ സഭയിലെത്തിയത്. കഴുത്തിൽ ഡിഎംകെയുടെ ഷാളും അണിഞ്ഞിട്ടുണ്ട്. കെ.ടി.ജലീലിനൊപ്പം എത്തിയ അൻവർ ഒന്നാം നില വരെ ജലീലിനൊപ്പം തുടർന്നു. പിന്നീട് അകത്തേക്ക് പ്രവേശിച്ച്, പുതിയതായി അനുവദിച്ച ഇരിപ്പിടത്തിലേക്ക് മാറി. പ്രതിപക്ഷത്തോട് ചേർന്ന് നാലാം നിരയില്‍, ലീഗ് എംഎൽഎ എ.കെ.എം. അഷ്റഫിനോട് ചേർന്നാണ് അൻവറിന്റെ ഇരിപ്പിടം. അൻവർ സഭയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ മഞ്ഞളാംകുളി അലി എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. നജീബ് കാന്തപുരം, പി ഉബൈദുള്ള എന്നിവരും അൻവറിന് കൈകൊടുത്തു.
അതേസമയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിലെത്തില്ല. പനി ആയതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് ഇന്നലെ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. രാവിലെ സഭയില്‍ എത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. സഭയില്‍ പ്രതിപക്ഷം ഇന്ന് തൃശൂര്‍ പൂരം വിഷയം ഉന്നയിക്കും. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനത്തിനെതിരെ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കും. ഈ നടപടിയില്‍നിന്നു പിന്മാറണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ അവതാരകന്‍ മുഖ്യമന്ത്രിയാണ്.
എൽഡിഎഫ് വിട്ട് പുറത്ത് പോയ ശേഷം ആദ്യമായാണ് നിയമസഭാ സമ്മേളനത്തിൽ പി .വി അൻവർ പങ്കെടുക്കുന്നത്. പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സ്പീക്കർ അനുവദിച്ചതിന് പിന്നാലെയാണ് സഭാ സമ്മേളനത്തിൽ അൻവർ പങ്കെടുക്കുന്നത്. ചുവന്ന തോർത്തും ഡിഎംകെ ഷാളും അണിഞ്ഞാണ് അൻവർ സഭയിലെത്തിയത്. രക്തസാക്ഷികളുടെ ചോര പുരണ്ടത് ഇത്തരത്തിലുള്ള ചുവന്ന തോർത്തിലാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പി.വി അൻവർ മറുപടി പറഞ്ഞു. നാലാം നിരയിലെ സീറ്റാണ് അൻവറിന് അനുവദിച്ചിരിക്കുന്നത്.
പ്രത്യേക സീറ്റ് ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കർ അൻവറിനെ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. അതേസമയം എഡിജിപിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ നടക്കുന്ന പൊലീസ് അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്ന് അൻവർ അറിയിച്ചു. അതിനാലാണ് ഗവർണറെ കണ്ടതെന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് താൻ ആവശ്യപ്പെടുന്നതെന്നും അൻവർ പറഞ്ഞു. അദ്ദേഹത്തിന് നൽകിയ കത്തിന്റെ പകർപ്പ് വൈകാതെ പുറത്ത് വിടും. എസ്ഐടി അന്വേഷണം സത്യസന്ധമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ അജിത്കുമാറിന്റെ നൊട്ടോറിയസ് സംഘത്തിൽപ്പെട്ടവരാണെന്നും അൻവർ ആരോപിച്ചു.
പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോള്‍ പൊലീസില്‍നിന്ന് ഒരു നീതിയും ലഭിക്കില്ല. ഇനി ഏകമാര്‍ഗം ജുഡീഷ്യല്‍ അന്വേഷണമാണ്. എസ്‌ഐടി അന്വേഷണം നടക്കുമ്പോള്‍ കോടതിയില്‍ അനുകൂല തീരുമാനം ലഭിക്കില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. നിലവില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഡിജിപിയാണെങ്കിലും ബാക്കിയുള്ള കീഴുദ്യോഗസ്ഥര്‍ എഡിജിപി അജിത് കുമാറിന്റെ സംഘത്തില്‍പെട്ടവരാണ്.
എഡിജിപി തയാറാക്കിയ പൂരം കലക്കൽ തിരക്കഥ കമ്മിഷണർ നടപ്പാക്കുകയായിരുന്നുവെന്നും അൻവർ പറഞ്ഞു. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കരിപ്പൂരിൽ 150 ഓളം കേസുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അവരെ കൃത്യമായി ചോദ്യം ചെയ്യണമെന്നാണ് തന്റെ ആവശ്യം. സ്വർണം പിടിച്ച പൊലീസ്, അത് എങ്ങോട്ട് മാറ്റി, ആരുടെ അടുത്ത് ഉരുക്കി, ഇതൊന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നും അൻവർ ആരോപിച്ചു.
സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ ഒന്നും സത്യസന്ധമായി അന്വേഷിക്കുമെന്നു തോന്നുന്നില്ല. ഇത്തരത്തിലുള്ള മുഴുവന്‍ കാര്യങ്ങളും ഗവര്‍ണറെ ധരിപ്പിച്ചു. ഗവര്‍ണര്‍ക്കു വേണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാം. അതിന് സഹായിക്കണമെന്നും അഭ്യര്‍ഥിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.
സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെയും അന്‍വര്‍ രൂക്ഷവിമര്‍ശനം നടത്തി. സ്പീക്കര്‍ സര്‍ക്കാരിന്റെ പിആര്‍ ഏജന്റാണെന്ന് അന്‍വര്‍ പറഞ്ഞു. പ്രധാന വകുപ്പുകള്‍ എന്തിനാണ് മരുമകനു മാത്രം കൊടുത്തതെന്ന് മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയില്‍ സ്ഥിരതാമസമാക്കുമെന്നും അന്‍വര്‍ പറഞ്ഞു.
P.V. Anvar Makes Symbolic Statement in Kerala Assembly Demands Judicial Inquiry LIVE UPDATES Kerala Assembly Kerala News Latest News Pv anwar assambly trivandrum dmk kt jaleel politics kerala
Leave a Comment