കൊച്ചി: ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകി. സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്നതുൾപ്പെടെ രണ്ട് നടികളാണ് ജയസൂര്യയ്ക്കെതിരെ പരാതി നൽകിയിട്ടുളളത്.
സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്.
ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന വിവാദ ആരോപണങ്ങൾക്കും പിന്നാലെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി നടൻ ജയസൂര്യ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. തന്റെ ഭാര്യ സരിതയെ ചേർത്തുപിടിച്ചുള്ള ഒരു വീഡിയോയാണ് ഏറെ നാളുകൾക്ക് ശേഷം നടൻ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ വെെറലായി. നിരവധി പേരാണ് ജയസൂര്യയെ അനുകൂലിച്ച് രംഗത്തെത്തുന്നത്.
‘തെറ്റ് ചെയ്യാത്തവർ ഇങ്ങനെ നെഞ്ചുംവിരിച്ചു ആണത്തത്തോടെ നടക്കും. ജയേട്ടൻ’,’സത്യം വിജയിക്കും’, ‘നിങ്ങളെ ഞങ്ങൾക്ക് അറിയാം ജയേട്ടാ’, ‘ഈ സന്തോഷം നശിപ്പിക്കാൻ ഒരാളെയും ദൈവം അനുവദിക്കാതിരിക്കട്ടെ’ തുടങ്ങി നിരവധി കമന്റുകൾ വരുന്നുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയേറ്റ് ഇടനാഴിയിൽ വച്ച് നടൻ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് നടി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ നടി പരാതിയും നൽകിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് സംഭവം അന്വേഷിക്കുന്നത്. പരാതി അടിസ്ഥാന രഹിതമാണെന്നും പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിംഗ് നടന്നിട്ടില്ലെന്നും ജയസൂര്യ ഹെെക്കോടതിയിൽ സമർപ്പിച്ച് മൂൻകൂർ ജാമ്യം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
kerala sexual-assault complaint notice to jayasuriya to appear for interrogation