ടെൽ അവീവ്: ഗസ്സയിലെ ഇസ്രായേൽ ക്രൂരത ഒരു വർഷം പൂർത്തിയാകുമ്പോൾ ആക്രമണത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഞായറാഴ്ച സൈന്യത്തിനു മുമ്പിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രായേൽ തന്നെ വിജയം കൈവരിക്കുമെന്ന് നെതന്യാഹു പ്രതിജ്ഞ ചെയ്തതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു വർഷം മുൻപ് ഞങ്ങൾ കനത്ത ആഘാതമാണ് നേരിട്ടത്. എന്നാല്‍ ഹമാസിന്റെ ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷമുള്ള ഈ ഒരു കാലയളവിൽ തന്റെ സൈന്യം യാഥാർത്ഥ്യത്തെ പൂർണമായും മാറ്റിമറിച്ചെന്നും ഇസ്രായേല്‍ എന്താണോ ലക്ഷ്യം വച്ചത് അതിനോട് സൈന്യം ചേര്‍ന്നു നില്‍ക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.
ഗസ്സയിലും ലെബനാനിനും ആക്രമണം കടുപ്പിക്കുന്നതിനിടെ ഈ യുദ്ധത്തിൽ നാം വിജയിക്കുമെന്നും നെതന്യാഹു സൈന്യത്തോട് ആവര്‍ത്തിച്ച് പറഞ്ഞു. ഈ ഒരു വർഷക്കാലത്തിനിടെ ഹമാസിന്റെ സൈനിക വിഭാഗത്തെ തന്നെ തങ്ങൾ പരാജയപ്പെടുത്തിയെന്ന് ഇസ്രായൽ സൈനിക മേധാവി ഹെർസി ഹലേവി അവകാശവാദം ഉന്നയിച്ചു.
അതേസമയം ഒക്ടോബർ ഏഴിലെ ആക്രമണം അഭിമാനാർഹമാണെന്നാണ് ഹമാസിന്റെ പ്രതികരണം. ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപിലൂടെ പുതുചരിത്രം എഴുതുകയാണെന്നും ഹമാസ് അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ ഹമാസിനെതിരായ ആക്രമണമെന്ന് അവകാശപ്പെട്ട് ഇസ്രായേൽ ഗസ്സയിലടക്കം ചെയ്തുകൂട്ടുന്ന ക്രൂരത ഇന്നും തുടരുകയാണ്. തീവ്രവാദികളെ തകർത്തെറിയുമെന്നും നശിപ്പിക്കുമെന്നും അന്ന് പറഞ്ഞ നെതന്യാഹുവിന്റെ വാക്ക് കേവലം അവകാശവാദങ്ങളിൽ ഒതുങ്ങുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗസ്സയിലും ഫലസ്തീനിന്റെ വിവിധ പ്രദേശങ്ങളിലും ഹമാസ് പോരാളികൾ സംഘടിക്കുകയും ഇസ്രായേൽ സൈന്യത്തിനെതിരെ പോരാട്ടം നടത്തുന്നതായാണ് വിവരം. സൈന്യം മടങ്ങിയ പല പ്രദേശങ്ങളിലും ഹമാസ് പോരാളികൾ സംഘടിക്കുന്നതായും ഹിസ്ബുല്ലയുടെ പിന്തുണയോടെ കനത്ത പ്രഹരം ഇസ്രായേലിനുമേൽ ഏൽപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Netanyahu israel Middle east conflict hamaz israel palastine attack