ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ സംസ്കാരം ഇന്ന് നടക്കും. നസ്റല്ലയുടെ വധത്തിനെതിരെ ലെബനനിൽ വൻ പ്രതിഷേധമാണുണ്ടായത്. ഹസൻ നസ്റല്ലയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് സ്ത്രീകളടക്കം നിരവധി പേരാണ് തെരുവിൽ ഇറങ്ങിയത്. ഡൗൺ വിത്ത് യുഎസ് , ഡൗൺ വിത്ത് ഇസ്രയേൽ എന്നീ മുദ്രാവാക്യങ്ങളും ഉയർത്തിയായിരുന്നു പ്രതിഷേധം.
നസ്റല്ലുടെ വധത്തെ തുടർന്ന് ഇറാഖിലും പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായി. ഇറാഖിൽ നൂറ് നവജാത ശിശുക്കൾക്ക് നസ്റുല്ല എന്ന പേര് നൽകിയിരുന്നു. ഇറാനും അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. അതേസമയം ലെബനനിൽ ഹിസ്ബുള്ളക്കെതിരെ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു. 24 മണിക്കൂറിനിടെ 37 പേർ കൊല്ലപ്പെട്ടു.
ഇതിനിടെ ഇറാന് തിരിച്ചടി നൽകുമെന്ന് ഉറച്ച നിലപാടിലാണ് ഇസ്രയേൽ. ഇറാന്റെ എണ്ണ സംഭരണശാലകൾ തകർക്കാൻ ഇസ്രയേലുമായി ചർച്ച നടത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മിസൈൽശേഖരമാണ് ഇറാന്റേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. മൂവായിരത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ കൈവശമുണ്ടെന്നാണ് അമേരിക്ക പറയുന്നത്.
വെസ്റ്റ് ബാങ്കിനു സമീപം തുൽകര്മിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സാഹി യാസർ അബ്ദെൽ റാസഖ് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം. തുൽകര്മിലെ അഭയാർഥി ക്യാംപിനുനേരെ സൈന്യം ആക്രമണം നടത്തിയതായി നേരത്തെ ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ സ്ഥിരീകരിച്ചിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.
അതിനിടെ തുൽകര്മിൽ അഭയാർഥി ക്യാംപിനു നേരെയുണ്ടായ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണം അവസാനിപ്പിക്കാൻ രാജ്യാന്തര ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് പലസ്തീൻ ആവശ്യപ്പെട്ടു. ആക്രമണം ആർക്കും സുരക്ഷയും സ്ഥിരതയും നൽകില്ലെന്നും മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കുമെന്നും പലസ്തീൻ വ്യക്തമാക്കി.
അതേസമയം, ലബനനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 37 കൊല്ലപ്പെട്ടെന്നും 151 പേർക്ക് പരുക്കേറ്റെന്നും ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഹാഷിം സഫിയെദ്ദീനെ ലക്ഷ്യമിട്ടാണെന്ന് ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Hassan Nasrallah funeral today Israel’s airstrikes continue in Lebanon
hassan nasrallah israel Israel-Lebanon Lebanon