ടെൽ അവീവ്: ഇസ്രയേലിലേക്ക് ഇറാൻ തൊടുത്ത മിസൈലുകളിലൊന്ന് പതിച്ചത് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ആസ്ഥാനത്തിനു സമീപമെന്ന് റിപ്പോർട്ടുകൾ. ടെൽ അവീവിലെ ആസ്ഥാനത്തിനു സമീപം ഒരു വൻ ഗർത്തം രൂപപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മൊസാദ് ആസ്ഥാനത്തുനിന്ന് 3 കിലോമീറ്റർ മാത്രം അകലെ ഹെർസ്‍ലിയയിലെ ഒരു ബഹുനില അപ്പാർട്ട്മെന്റിന് സമീപത്തു നിന്ന് ചിത്രീകരിച്ച വിഡിയോ ആണ് പ്രചരിക്കുന്നത്. വിഡിയോയിൽ, പാർക്കിങ് സ്ഥലത്തു രൂപപ്പെട്ട ഗർത്തം കാണാം. മിസൈൽ ആക്രമണത്തിൽ പൊടിപടലങ്ങൾ ഉയർന്ന് വാഹനങ്ങൾ മണ്ണിൽ മൂടിയതും കാണാം. ഒരു സിനിമ കോംപ്ലക്സിൽനിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് മിസൈൽ വീണത്.
ഇന്നലെയാണ് ഇറാൻ ഇസ്രയേലിനു നേരെ 180 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്. അതിൽ ഭൂരിഭാഗവും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവച്ചിട്ടുവെന്നാണ് റിപ്പോർട്ടുകൾ.
മധ്യപൂർവദേശത്ത് യുദ്ധഭീതി പടരുകയാണ്. ഇസ്രയേലിലേക്ക് ഇറാൻ മിസൈൽ വർഷിച്ചതോടെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ഉൾപ്പെടെയാണ് ഇസ്രയേലിന്റെ മണ്ണിലേക്ക് ഇറാൻ തൊടുത്തുവിട്ടത്. എന്നാൽ അതിൽ ഭൂരിഭാഗവും വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞുവെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. ഇസ്രയേലിന്റെ അയൺ ഡോമും ആരോ സംവിധാനവുമാണ് ഇറാന്റെ മിസൈലുകളെ പ്രതിരോധിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രയേലിന്റെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഏറ്റവും അറിയപ്പെടുന്നത് അയൺ ഡോം ആണ്. ശത്രു മിസൈലുകളെ ആകാശത്തു വച്ചു തന്നെ തിരിച്ചറിയാനും അതിവേഗം അതിന്റെ സഞ്ചാരപാത മനസ്സിലാക്കി കൃത്യതയോടെ മിസൈലുകള്‍ അയച്ച് അവയെ തകര്‍ക്കാനും അയണ്‍ ഡോമിന് കഴിയും. 2011 മാര്‍ച്ചിലാണ് ആദ്യത്തെ അയൺ ഡോം സംവിധാനം ഇസ്രയേല്‍ സ്ഥാപിച്ചത്. ലോകത്തെ ഏറ്റവും ആധുനിക വ്യോമ പ്രതിരോധ സംവിധാനമായാണ് അയണ്‍ ഡോമിനെ കണക്കാക്കുന്നത്. മിസൈലുകളുടെ വരവും വേഗവും കണക്കുകൂട്ടാന്‍ റഡാറുകളെയാണ് അയണ്‍ ഡോം ഉപയോഗിക്കുന്നത്. ഇസ്രയേലിൽ കുറഞ്ഞത് 10 അയൺ ഡോം സംവിധാനങ്ങളുണ്ട്.
അത്യാധുനിക സുരക്ഷയൊരുക്കുന്ന ഇസ്രയേൽ പ്രതിരോധ സംവിധാനത്തിന്റെ ഏറ്റവും താഴെയുള്ള പാളിയാണ് അയൺ ഡോം. ഹ്രസ്വവും ഇടത്തരവുമായ മിസൈൽ ഭീഷണിയിൽനിന്ന് രക്ഷിക്കുന്ന അടുത്ത സംവിധാനം ഡേവിഡ്‌സ് സ്ലിങ്ങാണ്. ഇസ്രയേലും അമേരിക്കയും സംയുക്തമായി ഒരുക്കിയ പ്രതിരോധ സംവിധാനമാണിത്. ശത്രുവിമാനങ്ങൾ, ഡ്രോണുകൾ, തന്ത്രപരമായ ബാലിസ്റ്റിക് മിസൈലുകൾ, റോക്കറ്റുകൾ, ക്രൂസ് മിസൈലുകൾ എന്നിവയെ 40 മുതൽ 300 കിലോമീറ്റർ (25 മുതൽ 190 മൈൽ വരെ) വരെ സഞ്ചരിച്ച് തടയുന്നതിനായി രൂപകൽപന ചെയ്ത സംവിധാനമാണിത്.
ഡേവിഡ് സ്ലിങ്ങിന് മുകളിലായി ആരോ 2, ആരോ 3 എന്നീ സംവിധാനങ്ങളുമുണ്ട്. ബാലിസ്റ്റിക് മിസൈലുകളെ ആക്രമിക്കാനായി ഈ സംവിധാനം പ്രയോജനപ്പെടുത്തും. ആരോ 2 ന് പരമാവധി 56 മൈൽ ദൂരത്തിലും 32 മൈൽ ഉയരത്തിലും സഞ്ചരിക്കാനാകും. ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിന്റെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതിനു മുൻപു തന്നെ അവയെ തടയാൻ ആരോ 3 ഹിറ്റ്-ടു-കിൽ സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു.
Impact near Mossad HQ (Building in the background behind Blue Truck towards right at 0.05 seconds), Tel Aviv pic.twitter.com/9U0gkWT3hj
— Box of Chocolates (@BoxOfChocol8s) October 1, 2024
Iran missiles target Mossad headquarters? Iran- Israel Tension israel World News