മുംബൈ: ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ അഭിഷേക് ശര്‍മയ്ക്കൊപ്പം റിങ്കു സിങ് ഓപ്പണിങ് ബാറ്ററാകണമെന്ന് മുൻ ഇന്ത്യൻ താരം സാബ കരീം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിൽ യുവതാരം അഭിഷേക് ശർമ മാത്രമാണ് സ്പെഷലിസ്റ്റ് ഓപ്പണിങ് ബാറ്ററായുള്ളത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായും ഡൽഹി ക്യാപിറ്റൽസിനു വേണ്ടിയും ഓപ്പണറുടെ റോളിൽ തിളങ്ങിയിട്ടുള്ള സഞ്ജു സാംസണാണ് അഭിഷേകിനൊപ്പം ഇറങ്ങുന്നത്. എന്നാൽ സഞ്ജുവിനേക്കാളും ഓപ്പണിങ്ങിൽ മികച്ചുനിൽക്കുക റിങ്കു സിങ് ആയിരിക്കുമെന്നാണ് സാബ കരീമിന്റെ കണ്ടെത്തൽ.
ഇന്ത്യൻ ടീമിൽ ഫിനിഷറുടെ റോളിലാണ് റിങ്കു സിങ് സാധാരണയായി കളിക്കാൻ ഇറങ്ങാറ്. ‘‘അഭിഷേക് ശർമയ്ക്കൊപ്പം റിങ്കു സിങ്ങിനെ കാണാനുള്ള സാധ്യത വളരെ അധികമാണ്. ആറാമനായും ഏഴാമനായും റിങ്കു കളിച്ചിട്ടുണ്ട്. എത്ര അവസരങ്ങൾ റിങ്കുവിന് കിട്ടിയിട്ടുണ്ടെങ്കിലും, വളരെ കുറച്ചു പന്തുകൾ മാത്രമാണു നേരിടാൻ അവസരമുണ്ടായത്.’’– സാബാ കരീം ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു.
രാജ്യാന്തര ട്വന്റി20യിൽ റിങ്കു സിങ് നാലു മുതൽ ഏഴു വരെ സ്ഥാനങ്ങളിലാണ് ബാറ്റിങ്ങിന് ഇറങ്ങിയിട്ടുള്ളത്. അഞ്ചാമനായി ഏഴു മത്സരങ്ങൾ കളിച്ച റിങ്കു, 203 റണ്‍സ് നേടിയിട്ടുണ്ട്. ആറാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങി ആറു കളികളിൽ 154 റണ്‍സും റിങ്കു സ്വന്തമാക്കി. അതേസമയം ഐപിഎല്ലിൽ 23 മത്സരങ്ങളിൽ ഓപ്പണിങ് ബാറ്ററായി കളിച്ചിട്ടുള്ള സഞ്ജു മൂന്ന് അർധ സെഞ്ചറികളടക്കം 559 റൺസ് അടിച്ചെടുത്തിട്ടുണ്ട്. ഒക്ടോബർ ആറിന് ഗ്വാളിയോറിലാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം.
Saba Karim Backs 26-Year-Old To Open With Abhishek Sharma In Bangladesh T20Is
Indian Cricket Team Board of Cricket Control in India (BCCI) Rinku Singh Bangladesh Cricket Team