മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻമാരായിരുന്ന മഹേന്ദ്ര സിങ് ധോണിക്കും കപിൽ ദേവിനും എതിരെ യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ് കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. യുവരാജ് സിങ്ങിന്റെ കരിയർ നേരത്തേ അവസാനിക്കാൻ കാരണം ധോണിയാണെന്നായിരുന്നു യോഗ്‌രാജിന്റെ ആരോപണം. കപിൽദേവിനേക്കാൾ കിരീടങ്ങൾ യുവരാജ് നേടിയിട്ടുണ്ടെന്നും ഇതു തന്റെ പ്രതികാരമാണെന്നും യോഗ്‍രാജ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. എന്നാൽ പിതാവിന്റെ മാനസിക നിലയേക്കുറിച്ച് കഴിഞ്ഞ വർഷം യുവരാജ് സിങ് നടത്തിയ പ്രതികരണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കഴിഞ്ഞ വർഷം നവംബറിലാണ് പിതാവ് മാനസിക പ്രശ്നങ്ങൾ നേരിടുന്നതായി യുവരാജ് ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചത്. യോഗ്‌രാജ് സിങ്ങിന്റെ വാക്കുകൾ വൻ വിവാദമായതോടെയാണ് യുവരാജിന്റെ പഴയ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലായത്. ‘‘പിതാവിന് ചില മാനസിക പ്രശ്നങ്ങൾ ഉള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. എന്നാൽ അദ്ദേഹം അത് അംഗീകരിക്കാൻ തയാറാകുന്നില്ല. ഈ വിഷയം അദ്ദേഹം പരിഗണിക്കേണ്ടതാണ്.’’– എന്നായിരുന്നു യുവരാജ് സിങ്ങിന്റെ വാക്കുകൾ.
എം.എസ്. ധോണിക്ക് ഒരിക്കലും മാപ്പു നൽകില്ലെന്നായിരുന്നു യോഗ്‍രാജ് സിങ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.‘‘ധോണി അദ്ദേഹത്തിന്റെ മുഖം കണ്ണാടിയിൽ നോക്കണം. അദ്ദേഹം വലിയ ക്രിക്കറ്റ് താരമാണ്. എന്നാൽ എന്താണ് എന്റെ മകനോട് ധോണി ചെയ്തത്? അത് ജീവിതത്തിലൊരിക്കലും മാപ്പു നൽകാൻ സാധിക്കാത്ത കാര്യമാണ്. ജീവിതത്തിൽ ഞാൻ ചെയ്യാത്തതു രണ്ടു കാര്യങ്ങളാണ്. എന്നോടു മോശം കാര്യങ്ങൾ ചെയ്ത ആര്‍ക്കും ഞാൻ മാപ്പു നൽകില്ല. അവരെ ഒരിക്കലും ആലിംഗനം ചെയ്യാൻ പോകുന്നില്ലെന്നതാണ് രണ്ടാമത്തെ കാര്യം. അതെന്റെ മക്കളായാലും കുടുംബാംഗങ്ങളായാലും അക്കാര്യത്തിൽ മാറ്റമൊന്നുമുണ്ടാകില്ല.’’– യോഗ്‌രാജ് സിങ് ഒരു അഭിമുഖത്തിൽ തുറന്നടിച്ചു.
‘‘ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച ക്യാപ്റ്റൻ കപിൽ ദേവാണ്. ലോകമാകെ ശപിക്കുന്ന നിലയിലേക്കു നിങ്ങളെ എത്തിക്കുമെന്ന് ഞാന്‍ കപിൽ ദേവിനോടു പറഞ്ഞിട്ടുണ്ട്. ഇന്ന് യുവരാജ് സിങ്ങിന് 13 ട്രോഫികളുണ്ട്. നിങ്ങൾക്ക് ഒരു ലോകകപ്പ് മാത്രമാണുള്ളത്. ചർച്ച അവസാനിച്ചു.’’– യോഗ്‍രാജ് പ്രതികരിച്ചു. യുവരാജ് സിങ്ങിലൂടെ കപിൽ ദേവിനെതിരെ പ്രതികാരം ചെയ്യുകയാണെന്നും യോഗ്‍രാജ് അവകാശപ്പെട്ടിരുന്നു.
My Father has mental issues : Yuvraj #MSDhoni pic.twitter.com/KpSSd4vDzA
— Chakri Dhoni (@ChakriDhonii) September 2, 2024
My father has mental issues: Yuvraj Singh’s old video once again viral
MS Dhoni Kapil Dev Indian Cricket Team Board of Cricket Control in India (BCCI) Yuvraj Singh