തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ മുകേഷിനെ മുഖ്യമന്ത്രി നേരിട്ട് സംരക്ഷിക്കുമെന്ന് റിപ്പോർട്ടുകൾ. നടിയുടെ ആരോപണങ്ങളിൽ മുകേഷ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിശദീകരണം നൽകി. ഇന്നലെയാണ് മുകേഷ് മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചത്. ആരോപണങ്ങൾ കള്ളമാണെന്നു മുകേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും മുഖ്യമന്ത്രിയോട് ഉയർത്തിയിട്ടുണ്ട്. നടി അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങൾ കൈവശമുണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. ബ്ലാക്ക്‌മെയിൽ ചെയ്തതിന് തെളിവുമായി ബന്ധപ്പെട്ട് അഭിഭാഷകരുമായും ചർച്ച നടത്തിയിട്ടുണ്ട്.
കേസ് വന്നതിന് പിന്നാലെ കൊല്ലം മണ്ഡലത്തില്‍ നിന്ന് മുങ്ങിയ മുകേഷ് മറ്റാരെയും കാണാന്‍ കൂട്ടാക്കിയിട്ടില്ല. താരത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലും എത്തിയിട്ടില്ല. പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങളും കേസുമെന്നുമാണ് മുകേഷ് പറയുന്നത്. ഇതേ വാദമാണ് ആരോപണം ഉയര്‍ന്നപ്പോഴും മുകേഷ് ഉന്നയിച്ചത്.
മുകേഷ് മുന്‍കൂര്‍ ജാമ്യത്തിന് തല്കാലം അപേക്ഷിക്കില്ലെന്നും ഇപ്പോൾ വാർത്തകൾ വരുന്നുണ്ട്. പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും തീരുമാനമുണ്ടാകുക. വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം അഭിഭാഷകരുമായി സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, തിടുക്കപ്പെട്ട് മുന്‍കൂര്‍ ജാമ്യത്തിന് പോയേക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. പ്രത്യേക അന്വേഷണ സംഘത്തിന്റെയും സര്‍ക്കാരിന്റെയും നിലപാട് കണ്ടറിഞ്ഞതിന് ശേഷമാകും മുന്‍കൂര്‍ ജാമ്യത്തിനുള്ള നടപടികളിലേക്ക് പോകുക. തിങ്കളാഴ്ച വരെ എന്തായാലും സമയം കിട്ടും എന്നദ്ദേഹം കരുതുന്നു. പെട്ടന്നൊരു അറസ്റ്റിലേക്ക് നീങ്ങണ്ട എന്ന് സര്‍ക്കാരും അന്വേഷണ സംഘത്തിന് അനൗദ്യോഗിക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുകേഷിനെ സംരക്ഷിച്ചുകൊണ്ടുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. മുകേഷ് രാജി വയ്ക്കേണ്ടെന്ന നിലപാടാണ് ഉള്ളതെന്ന് കൺവീനർ ഇ.പി ജയരാജൻ വ്യക്തമാക്കി. സി.പി.ഐയിൽനിന്ന് ഉൾപ്പെടെ സമ്മർദം ശക്തമാകുന്നതിനിടെയാണ് ജയരാജൻ നിലപാട് വ്യക്തമാക്കിയത്. മുൻപ് ആരോപണം നേരിട്ട കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചാൽ മുകേഷും രാജിവയ്ക്കുമെന്നായിരുന്നു ജയരാജന്റെ പ്രതികരണം.
ആർക്കും പ്രത്യേക സംരക്ഷണം നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തവർക്കെതിരെ നടപടിയുണ്ടാകും. മുൻപ് രണ്ട് എം.എൽ.എമാർക്കെതിരെ പീഡനാരോപണം വന്നിട്ടും രാജിവച്ചില്ല. എല്ലാ എം.എൽഎമാർക്കും ഒരേ നിയമമാണ്. സർക്കാർ തെറ്റ് ചെയ്ത ആരെയും രക്ഷിക്കില്ല. കർക്കശമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജി ആവശ്യപ്പെടുന്നെങ്കിൽ കോൺഗ്രസിന്റെ രണ്ട് എം.എൽ.എമാരും ആദ്യം രാജിവയ്ക്കണം. കോടതിയുടെ നടപടികൾ വരട്ടെ. എല്ലാ എം.എൽ.എമാർക്കും ഒരേ നിയമമാണ് വേണ്ടത്. രണ്ട് എം.എൽ.എമാരും രാജിവച്ചാൽ മുകേഷും രാജിവയ്ക്കുമെന്നം ജയരാജൻ വ്യക്തമാക്കി.
മുകേഷ് എവിടെയാണെന്ന് അദ്ദേഹത്തോട് ചോദിക്കണം. ഇക്കാര്യത്തിൽ സി.പി.എം ഉന്നതമായ നിലപാട് സ്വീകരിക്കുന്നുണ്ട്. സ്ത്രീ സംരക്ഷണത്തിന് വേറൊരു സർക്കാരും ഇത്ര നടപടികളെടുത്തിട്ടില്ല. മുഖം നോക്കാതെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സർക്കാരിനെ ആർക്കും കുറ്റം പറയാൻ കഴിയില്ല.
ഇതുപോലൊരു അന്വേഷണസംഘം ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണെന്നും ഒരാളോടും പ്രത്യേക മമതയില്ലെന്നും ഇ.പി ജയരാജൻ ചൂണ്ടിക്കാട്ടി. സി.പി.എം നേതൃത്വം നിലവിലെ സ്ഥിതിയിൽ മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്ന ധാരണയിലെത്തിയതായാണു വിവരം. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയായി ഏതെങ്കിലും ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഒരു എം.എൽ.എ രാജിവച്ചിട്ടില്ല. ഏറ്റവുമൊടുവിൽ കോൺഗ്രസ് നേതാക്കളായ എം. വിൻസെന്റ്, എൽദോസ് കുന്നപ്പിള്ളി എന്നിവർക്കെതിരെ ആരോപണം ഉയർന്നപ്പോഴും ഇവർ രാജിവച്ചിരുന്നില്ല. വിഷയത്തില്‍ ശക്തമായ നിലപാട് ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.
അതേസമയം, കൊല്ലത്ത് പാർട്ടിൽ വ്യത്യസ്തമായ വികാരമാണുള്ളത്. എൽദോസിന്റെ വിഷയവുമായി മുകേഷിന്റെ കേസ് കൂട്ടിച്ചേർക്കാനാകില്ലെന്ന അഭിപ്രായമാണ് കൊല്ലത്തെ നേതാക്കൾ പലരും പങ്കുവയ്ക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ സംസ്ഥാനത്ത് രൂപപ്പെട്ട പ്രത്യേകമായ സാഹചര്യവും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.ഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടിരുന്നു. ഇനി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും ആനി രാജ മീഡിയവണിനോട് പ്രതികരിച്ചു. പീഡന പരാതി വന്നതു മുതൽ സി.പി.ഐ മുകേഷ് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടതാണെന്ന് ആനി രാജ പറഞ്ഞു. പൊലീസ് കേസെടുത്തതോടെ മുകേഷിനു കാര്യം ബോധ്യപ്പെട്ടുകാണുമെന്നു കരുതുന്നു. ബോധ്യമായില്ലെങ്കിലും സ്ഥാനത്തുനിന്നു മാറണം. സ്വമേധയാ മാറിയില്ലെങ്കിൽ സർക്കാർ ഇടപെട്ടു മാറ്റണമെന്നും അവർ പറഞ്ഞു.