കൊച്ചി: നടൻ ബാബുരാജിനെതിരേയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ആരോപണം ഉന്നയിച്ച ജൂനിയർ ആർടിസ്റ്റ് പൊലീസിന് പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. നടി നിലവിൽ കേരളത്തിന് പുറത്താണ്. അന്വേഷണ സംഘം നടിയെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. നാട്ടിലെത്തിയ ഉടൻ നേരിട്ടുള്ള മൊഴി നൽകാനാണ് നടിയുടെ തീരുമാനം.
ചാൻസ് തരാമെന്ന് പറഞ്ഞ് വിളിച്ച് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി കഴിഞ്ഞ ദിവസം ആരോപിച്ചത്. ആലുവയിൽ ഉള്ള വീട്ടിൽ വരാൻ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും, സംവിധായകനും ആലുവയിൽ ഉള്ള വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. മുഴുനീള കഥാപത്രമാണെന്നായിരുന്നു വാഗ്ദാനം. റെസ്റ്റ് ചെയ്യാൻ തന്ന മുറിയിൽ അതിക്രമിച്ച് കയറി കതക് അടച്ചുവെന്നും ബലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് വെളിപ്പെടുത്തൽ. നിരവധി പെൺകുട്ടികൾ ബാബുരാജിൻ്റെ കെണിയിൽ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തതെന്നും യുവതി കൂട്ടിച്ചേർത്തു. പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് നിരന്തരം ബന്ധപ്പെട്ടുവെന്നും പീഡിപ്പിച്ചെന്നുമാണ് സംവിധായകൻ ശ്രീകുമാർ മേനോനെതിരെയുള്ള യുവതിയുടെ പരാതി.
മലയാള സിനിമാ താരങ്ങൾക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങൾ വരുന്നത് താരസംഘടന അമ്മയക്ക് വലിയ തലവേദനയാകുകയാണ്. ഇന്നത്തെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചെങ്കിലും എന്നു ചേരുമെന്നതിൽ വ്യക്തത വന്നിട്ടില്ല. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് ഒഴിഞ്ഞെങ്കിലും പകരം താൽക്കാലിക ചുമതല നൽകാൻ ധാരണയായ ബാബുരാജിനെതിരെയും ആരോപണം വന്നത് അമ്മയെ കുഴയ്ക്കുന്നു.
അതേസമയം മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക സമിതിയുടെ പ്രവർത്തനം വനിതാ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യും. എന്നാൽ മറ്റ് കാര്യങ്ങൾക്ക് സഹായം നൽകാൻ മാത്രമായിരിക്കും പുരുഷ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കുക. മൊഴിയെടുക്കുന്നതും, പരാതിക്കാരുമായി ബന്ധപെടുതും, തെളിവെടുപ്പും അതിന്റെ പരിശോധനയും, മേൽനോട്ടവും ഉൾപ്പടെയുള്ള ഏറ്റവും പ്രധാനപ്പെട്ട കടമകൾ എല്ലാം തന്നെ നിർവഹിക്കുക സർക്കാർ നിയോഗിച്ചിട്ടുള്ള സമിതിയുടെ കീഴിലുള്ള വനിത ഉദ്യോഗസ്ഥരായിരിക്കും. പുരുഷ ഉദ്യോഗസ്ഥർ നേതൃത്വം കൊടുക്കുന്നുവെന്ന വലിയ വിമര്ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിലയിലേക്ക് സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുന്നത്.
ഏഴംഗ സംഘമാണ് അന്വേഷണത്തിനുണ്ടാവുക. ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉയര്‍ന്ന നാല് വനിതാ ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സംഘം. എസ്. അജീത ബീഗം, മെറിന്‍ ജോസഫ് – എസ്.പി ക്രൈംബ്രാഞ്ച് ഹെഡ് ക്വാട്ടേഴ്‌സ്, ജി. പൂങ്കുഴലി – എഐജി, കോസ്റ്റല്‍ പോലീസ്, 5. ഐശ്വര്യ ഡോങ്ക്‌റെ – അസി. ഡയറക്ടര്‍ കേരള പോലീസ് അക്കാദമി തുടങ്ങിയവരാണ് സംഘത്തിലെ വനിതാ അംഗങ്ങൾ. അജിത്ത് .വി – എഐജി, ലോ&ഓര്‍ഡര്‍, 7. എസ്. മധുസൂദനന്‍ – എസ്.പി ക്രൈംബ്രാഞ്ച് തിരുവനന്തപുരം തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ. സംഘത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ്.
അതേസമയം, ബംഗാളി നടി ശ്രീലേഖ മിത്ര തുടങ്ങിവെച്ച വെളിപ്പെടുത്തലുകൾ ചൂടുപിടിച്ചതോടെ ചലച്ചിത്രമേഖലയിലെ ലൈംഗിക പീഡനമടക്കമുള്ള ദുരനുഭവങ്ങളുടെ തുറന്നുപറച്ചിലുമായി കൂടുതൽപേർ രംഗത്തെത്തുകയായിരുന്നു.