ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ബിൽ അവതരിപ്പിച്ചത്. ഭരണഘടനയെയോ മതവിശ്വാസങ്ങളേയോ ബിൽ ചോദ്യം ചെയ്യുന്നില്ലെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജിജു പറഞ്ഞു. ബിൽ സംയുക്ത പാർലമെന്ററി സമിതിയിക്ക് വിട്ടു. ശബ്ദവോട്ടോടെയാണ് ബിൽ അവതരണം നടന്നത്. ബിൽ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പ്രതിപക്ഷം സഭയിൽ വിമർശിച്ചു.
40 ഭേദഗതികളാണ് ബില്ലിൽ വരുത്തിയിരിക്കുന്നത്. ബില്ലിന് പിന്നിൽ രാഷ്ട്രീയ അജണ്ടയെന്ന് മുസ്ലീംലീഗ് ആരോപിച്ചു. ദേവസ്വം ബോർഡിൽ ഹിന്ദുക്കൾ അല്ലാത്തവരെ ഉൾപ്പെടുത്തുമോ എന്ന് കെ.സി.വേണുഗോപാൽ എം പി ചോദിച്ചു. ഐക്യം തകർക്കുന്ന ബില്ലെന്ന് സിപിഎമ്മും വിമർശിച്ചു. ഡിഎംകെയും തൃണമൂലും സമാജ്‍വാദി പാർട്ടിയും ബില്ലിനെ എതിർത്തപ്പോൾ എൻഡിഎ സഖ്യകക്ഷികൾ ബില്ലിനെ പിന്തുണച്ചു. ഭേദഗതിയ്ക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും ഒരു മതവിഭാഗത്തിന്റെ സ്വാതന്ത്ര്യത്തെ മാത്രം എതിർക്കുന്നതിനുള്ള ശ്രമമാണെന്നും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആഞ്ഞടിച്ചു.
വനിതകളേയും കുട്ടികളേയും സഹായിക്കാനാണ് വഖഫ് ബില്ലിൽ ഭേദഗതി വരുത്തുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. മുസ്ലീങ്ങളോടുള്ള സ്നേഹമല്ല ബില്ലിനെ എതിർക്കുന്നതിനായി പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നതെന്നും അവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നതായും കിരൺ റിജിജു പറഞ്ഞു. മക്കളുടെപേരിൽ സ്വത്തുക്കൾ വഖഫാക്കുമ്പോൾ (വഖഫ്-അലൽ-ഔലാദ്) സ്ത്രീകൾ ഉൾപ്പെടെ ആരുടെയും പിന്തുടർച്ചാവകാശം ഇല്ലാതാവില്ല, സർക്കാർ വസ്തുവകകൾ ഇനി വഖഫ് സ്വത്താവില്ല, ബോറ, അഘാഖനി വിഭാഗങ്ങൾക്ക് പ്രത്യേക വഖഫ് ബോർഡുകൾ, ബോർഡിന്റെ സി.ഇ.ഒ. മുസ്‌ലിം ആയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി, വഖഫ് രജിസ്‌ട്രേഷൻ പോർട്ടൽ വഴി, മുഴുവൻ വിവരങ്ങളും പോർട്ടലിൽ ഫയൽ ചെയ്യണം തുടങ്ങിയ ഭേദഗതികളാണ് ബില്ലിലുള്ളത്.