മലപ്പുറം: വയനാട് മുണ്ടക്കൈ ദുരന്തത്തിനിരയായവർക്ക് 100 വീടുകൾ നിർമിച്ചു നൽകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാനും തയ്യാറാണ്. സർക്കാറിന്റെ സഹായം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും തങ്ങൾ പറഞ്ഞു.
ദുരിതബാധിതരുടെ അതിജീവനത്തിന് ആവശ്യമായ തൊഴിൽ, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും തങ്ങൾ പറഞ്ഞു. മുസ്‌ലിം ലീഗിന്റെ സഹായനിധിയിലേക്ക് സംഭാവന നൽകിയവരുടെ വിശ്വാസം പൂർണമായും സംരക്ഷിക്കും.
വിഷയം ലീഗ് എം.പിമാർ നേരത്തെ തന്നെ പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. ഇനിയും ഇടപെടലുണ്ടാവും. വയനാട് വനഭൂമിയായതിനാൽ സ്ഥലലഭ്യതക്ക് കേന്ദ്രസർക്കാറിന്റെ അനുമതി വേണ്ടിവരും. എല്ലാ രീതിയിലും ഇടപെടൽ നടത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം ഇരയായ മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം സർക്കാർ സാധ്യമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവര്‍ ഉള്‍പ്പെടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സഹായം ലഭ്യമാക്കും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ദുരിതാശ്വാസ ക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യാമ്പുകളില്‍ ആരൊക്കെ കഴിയുന്നുവെന്നു നോക്കിയല്ല, ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ച പ്രദേശങ്ങളില്‍ നിന്നുള്ള കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പുനരധിവാസ പാക്കേജ് തയ്യാറാക്കുകയെന്നും മന്ത്രി അറിയിച്ചു.