ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ നടത്തിയിട്ടും റഡാറിൽ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിലെ പരിശോധനയിൽ ലോറി കണ്ടെത്താനായില്ലെന്ന് റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ. അർജുൻ വാഹനം സ്ഥിരമായി പാർക്ക് ചെയ്യുന്നതിന് അടുത്തുവരെയുള്ള മണ്ണ് നീക്കിയെന്ന് ബന്ധു പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോറി കരയിൽ തന്നെ ഉണ്ടെന്നാണ് പ്രതീക്ഷയെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു. ലോറി പുഴയിൽ പോയിരുന്നേൽ ഫോൺ റിങ് ചെയ്യില്ല. കൂടുതൽ ശക്തിയേറിയ റഡാർ പരിശോധനയ്ക്ക് എത്തിച്ചാൽ സഹായകമാകുമെന്ന് രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു. ജെസിബിക്ക് നീക്കാൻ പറ്റാത്ത ഭാരമുള്ള കല്ലുകൾ അപകടമേഖലയിലുണ്ടെന്നും മണ്ണ് നീക്കം ഏറെ ശ്രമകരമെന്നും രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു.
സൈന്യത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു? ലോറി മണ്ണിനടിയിൽ തന്നെ?
ആ പ്രതീക്ഷയും നശിച്ചു; അപകട സമയത്ത് ഇന്ത്യൻ ഉപഗ്രഹങ്ങൾ ഷിരൂർ കുന്നിൻ്റെ ദൃശ്യങ്ങൾ പകർത്തിയില്ല
ഉച്ചയ്ക്ക് ശേഷം ഷിരൂരിൽ രക്ഷാദൗത്യത്തിന് സൈന്യമെത്തിയിട്ടുണ്ട്. ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയും ചെയ്തു. അതിനിടെ അപകടം നടന്ന ദിവസം രാവിലെ 5.30ന് അർജുനെ കണ്ടുവെന്ന് സുഹൃത്ത് സവാദ് പറഞ്ഞു. അപകടം നടന്ന സ്ഥലത്തെ ഹോട്ടലിന് എതിർവശം ലോറി പാർക്ക് ചെയ്‌തിരിക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് നാട്ടിലേക്ക് പുറപ്പെട്ടത്.
അർജുൻ വിശ്രമിക്കാനായി അവിടെ വണ്ടി നിർത്തിയിട്ടു. ഭാരമേറിയ ലോഡ് ഉള്ളത് കൊണ്ട് ലോറി പുഴിയിലേക്ക് ഒഴുകിപ്പോകാൻ സാധ്യതയില്ല. അപകടം നടന്ന ദിവസം സ്ഥലത്ത് ശക്തമായ മഴ ഉണ്ടായിരുന്നുവെന്നും സവാദ് പറഞ്ഞു.