‘നിങ്ങള്‍ അടിച്ചുകേറിയല്ലോ’..!! സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പിണറായി വെട്ടാനും കുത്താനും തുടങ്ങി: കെ. സുധാകരൻ

കണ്ണൂര്‍: എരഞ്ഞോളി ബോംബ് സ്‌ഫോടനത്തില്‍ 85-കാരന്‍ മരിച്ചതിനെക്കുറിച്ച് നടത്തിയ പ്രതികരണത്തില്‍ വൃദ്ധനല്ലേ മരിച്ചത് ചെറുപ്പക്കാരനല്ലല്ലോ എന്ന പരാമര്‍ശം വന്നതില്‍ വിശദീകരണവുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. വൃദ്ധന്‍ മരിച്ചു എന്നല്ല, ചെറുപ്പക്കാരന്‍ മരിച്ചില്ലല്ലോ എന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. ബോംബ് സ്‌ഫോടനത്തില്‍ ചെറുപ്പക്കാരെ കൊല്ലാത്ത സി.പി.എമ്മിന്റെ അപൂര്‍വം കൊലകളില്‍ ഒന്നാണിത്. അത് മെച്ചം എന്നല്ലാതെ എന്താണ് പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

‘നിങ്ങള്‍ അടിച്ചുകേറിയല്ലോ’ എന്ന ചോദ്യത്തോടെയായിരുന്നു നേരത്തെ നടത്തിയ പ്രതികരണത്തിന് വിശദീകരണം നല്‍കാന്‍ സുധാകരന്‍ മാധ്യമങ്ങളെ കണ്ടത്. ‘വൃദ്ധന്‍ മരിച്ചു എന്നല്ല ഞാന്‍ പറഞ്ഞത്, ചെറുപ്പക്കാരന്‍ മരിച്ചില്ല. കഴിഞ്ഞദിവസങ്ങളില്‍ എത്ര ചെറുപ്പക്കാരെ സി.പി.എമ്മുകാര്‍ കൊന്നു? സ്വന്തം പാര്‍ട്ടി നേതാക്കള്‍ ബോംബ് പൊട്ടി മരിച്ചില്ലേ? നിങ്ങളെന്തെങ്കിലും പൊകച്ചു കേറ്റുന്നുണ്ടെങ്കില്‍ കയറ്റിക്കോ, അതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. ഞാനിതെത്ര കണ്ടു, എത്ര കേട്ടു’, സുധാകരന്‍ പറഞ്ഞു.

സി.പി.എമ്മിന്റെ രാഷ്ട്രീയ അസ്തിത്വംതന്നെ അക്രമത്തിലും കൊലപാതകത്തിലുമാണ്. അതിലൊന്ന് ബോംബേറാണ്. സി.പി.എമ്മുകാരെ തന്നെ അവര്‍ ബോംബെറിഞ്ഞ കൊന്നിട്ടില്ലേ? സി.പി.എമ്മിന്റെ രാഷ്ട്രീയവളര്‍ച്ച മുഴുവന്‍ അക്രമത്തിന് മുമ്പില്‍ ആളുകളെ വിറപ്പിച്ചുനിര്‍ത്തിയിട്ടാണ്. അതില്‍ ആദ്യത്തെ ആയുധമാണ് ബോംബ്.

‘ആണത്തമുണ്ടോ പിണറായി വിജയന് പറയാന്‍. അവന്‍ വെട്ടിക്കൊന്ന ആളെത്രയാ? അവന്‍ വെടിവെച്ചുകൊന്ന ആളെത്രയാ? അവന്‍ ബോംബെറിഞ്ഞുകൊന്ന ആളെത്രയാ? പറയണോ ആളുകളുടെ പേരിനിയും. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ പിണറായി വിജയന്‍? എത്രയാളുകളെ കൊന്നു? കെ. സുധാകരന് ആ റെക്കോര്‍ഡില്ല. കോണ്‍ഗ്രസുകാരന്റെ ബോംബേറില്‍ ആരും മരിച്ചിട്ടില്ല’, സുധാകരൻ പറഞ്ഞു. ഡി.സി.സി. ഓഫീസില്‍നിന്ന് ബോംബ് കണ്ടെടുത്തുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Similar Articles

Comments

Advertismentspot_img

Most Popular