തീപിടിത്തത്തിന്റെ കാരണം കണ്ടെത്തി കുവൈറ്റ് ഫയർഫോഴ്സ്; മരണപ്പെട്ട മലയാളികളുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ലേബർ ക്യാംപിലുണ്ടായ തീപിടിത്തത്തിന്റെ കാരണം കണ്ടെത്തിയിരിക്കുന്നു. നേരത്തെ പാചക വാതക സിലിണ്ടർ ചോർന്നാണ് തീപിടിത്തം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കാരണം അതല്ലെന്നാണ് കുവൈറ്റ് അഗ്നിരക്ഷാ സേന കണ്ടെത്തിയിരിക്കുന്നത്. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്നു കുവൈത്ത് അഗ്നിരക്ഷാ സേന വ്യക്തമാക്കി.

ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ച പാചകവാതക സിലണ്ടർ ചോർന്നാണു തീപിടിത്തമുണ്ടായതെന്നു നേരത്തേ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിയല്ലെന്നാണ് അ​ഗ്നിരക്ഷാ സേനയുടെ വെളിപ്പെടുത്തലിൽ നിന്ന് വ്യകതമാകുന്നത്. അതേസമയം വെള്ളിയാഴ്ച ഒരാൾ കൂടി മരിച്ചതോടെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി.

ദുരന്തസ്ഥലത്തു വിശദമായ പരിശോധനകൾ നടത്തിയ ശേഷമാണ് അപകടകാരണം കണ്ടെത്തിയതെന്നു കുവൈത്ത് അഗ്നിശമന സേന അറിയിച്ചു. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുൾപ്പെടെ പരിശോധിച്ചാണ് അന്തിമ നിഗമനത്തിൽ എത്തിയത്. ഫ്ലാറ്റിനുള്ളിൽ മുറികൾ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികൾ അതിവേഗം തീ പടരാൻ ഇടയാക്കിയതായി കുവൈറ്റ് ഫയർഫോഴ്സ് കേണൽ പറഞ്ഞു. മുറികൾ തമ്മിൽ വേർതിരിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ കത്തിയതു വലിയ തോതിൽ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകൾനിലയിലേക്കു പടർന്നു. ആറുനില കെട്ടിടത്തിൽ 24 ഫ്ലാറ്റുകളിലെ 72 മുറികളിലായി 196 പേരാണു താമസിച്ചിരുന്നത്. ഇതിൽ 20 പേർ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ സംഭവസമയത്ത് 176 പേർ ക്യാംപിലുണ്ടായിരുന്നു.

കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതിൽ പൂട്ടിയിട്ടിരുന്നതിനാൽ രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് അവിടേക്കു കയറാനായില്ല. ഗോവണിപ്പടി വഴി ടെറസിലേത്താൻ ശ്രമിച്ചവർ വാതിൽ തുറക്കാൻ കഴിയാതെ കുഴഞ്ഞുവീണതായും ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി. അപകടം ഉണ്ടായ സമയവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി എന്നാണ് ഫയർ ഫോഴ്സിന്റെ നി​ഗമനം. പുലർച്ചെ നാലരയോടെ തീ പടരുമ്പോൾ ക്യാംപിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. തീ പടർന്നതിനു പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണു മരണസംഖ്യ വർധിപ്പിച്ചത്. പൊള്ളലേറ്റു മരിച്ചതു 2 പേർ മാത്രമാണ്. ബാക്കി 47 പേരും മരിച്ചതു പുക ശ്വസിച്ചാണെന്നു എൻബിടിസി കമ്പനി പ്രതിനിധി അറിയിച്ചു.

രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭർത്താവിനോടുള്ള പ്രതികാരമായി യുവതി ടെന്‍റിന് പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് 57 പേർ മരിക്കുകയും 90 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവമാണ് കുവൈത്ത് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജീവഹാനിയുണ്ടാക്കിയ ദുരന്തം. മംഗഫിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയിലെ ജീവനക്കാരായ 24 മലയാളികളുൾപ്പെടെ 50 ഇന്ത്യക്കാർ മരിച്ച ദുരന്തം പലരുടെയും ഓർമയിൽ കൊണ്ടുവന്നത് 2009 ഓഗസ്റ്റ് 15 ന് നടന്ന ഈ പ്രതികാരമാണ്.

ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മന്ത്രിമാർ മൃതദേഹങ്ങളിൽ ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹങ്ങള്‍ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോയി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണിതെന്ന് മൃതദേഹം ഏറ്റുവാങ്ങുംമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുവൈത്ത് സര്‍ക്കാര്‍ ഫലപ്രദവും കുറ്റമറ്റതുമായ നടപടികള്‍ സ്വീകരിച്ചു. തുടര്‍നടപടികളും കുറ്റമറ്റ രീതിയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം അറിഞ്ഞപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റും ശരിയായ രീതിയില്‍ ഇടപെട്ടു. ഇനി ഇതുപോലൊരു ദുരന്തം സംഭവിക്കാതിരിക്കത്തക്ക ജാഗ്രതയോടെയുള്ള നടപടികള്‍ ഉണ്ടാകണം. കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അത്തരം കാര്യങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റും വേഗതകൂട്ടാന്‍ ശ്രമിക്കണമെന്നും പിണറായി പറഞ്ഞു. .

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7