രാഹുൽ വയനാട്ടിലെത്തി; പാരമാത്മാവ് എന്നോട് സംസാരിക്കാറില്ല. കാരണം, ഞാൻ സാധാരണ ഒരു മനുഷ്യനാണ്. ജനങ്ങളാണ് എന്‍റെ ദൈവമെന്നും രാഹുൽ ഗാന്ധി

മലപ്പുറം: വൻ വിജയം സമ്മാനിച്ച വയനാട്ടിലെ വോട്ടർമാർക്ക് നന്ദിപറയയാൻ രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തി. അധികാരമുണ്ടായാൽ എന്തും നടത്താമെന്ന ധാരണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വയനാടോ, റായ്ബറേലിയോ, ഏത് മണ്ഡലം നിലനിർത്തുമെന്ന് വ്യക്തമാക്കാതിരുന്ന രാഹുൽ, ഇരു മണ്ഡലങ്ങളിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനമാണ് ആ​ഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. ഭരണഘടന കൈയിൽ പിടിച്ചുകൊണ്ടായിരുന്നു രാഹുൽ​ഗാന്ധിയുടെ പ്രസം​ഗം.

‘മോദിയോട് പാരമാത്മാവ് സംസാരിക്കുന്നതുപോലെ എന്നോട് സംസാരിക്കാറില്ല. കാരണം, ഞാൻ സാധാരണ ഒരു മനുഷ്യനാണ്. ജനങ്ങളാണ് എന്‍റെ ദൈവം. വയനാടോ റായ്ബറേലിയോ എന്ന കാര്യത്തിൽ എന്ത് തീരുമാനമെടുക്കണമെന്ന് വയനാട്ടിലെ ജനങ്ങളുടെ അഭിപ്രായമാണ് ഞാൻ ചോദിക്കുന്നത്. വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനം എടുക്കാനാണ് ആഗ്രഹിക്കുന്നത്’, രാഹുൽ പറഞ്ഞു.

പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നത് ദൈവമാണ്. എനിക്ക് അങ്ങനെയല്ല. താനൊരു സാധാരണ മനുഷ്യനാണ്. താന്‍ ജൈവികമായി ഉണ്ടായ ആളല്ലെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഒരു തീരുമാനവും താന്‍ എടുക്കില്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ച പരമാത്മാവ് തീരുമാനമെടുക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, അദാനിയുടെയും അംബാനിയുടെയും തീരുമാനങ്ങളാണ് ഈ വിചിത്രമായ പരമാത്മാവ് എടുത്തതെന്നും പരമാത്മാവ് പറഞ്ഞതനുസരിച്ച് ആദ്യം എയര്‍പോര്‍ട്ടുകളും പിന്നീട് വൈദ്യുതി നിലയങ്ങളും അദാനിക്കും അംബാനിക്കും കൊടുത്തെന്നും രാഹുൽ പരിഹസിച്ചു.

ഭരണഘടനയുടെ പോരാട്ടമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ നടന്നതെന്ന് രാഹുൽ പറഞ്ഞു. ഈ രാജ്യത്തെ ഓരോ ചരിത്രത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. കേരളത്തിലെ ജനങ്ങൾക്ക് കഥകളി ആസ്വദിക്കാൻ സാധിക്കും, മലയാളം സംസാരിക്കാൻ സാധിക്കും, ഇഷ്ടമുള്ളത് ചെയ്യാൻ സാധിക്കും- ഈ അവകാശങ്ങളെ സംരക്ഷിക്കുന്നത് ഭാരതത്തിന്റെ ഭരണഘടനയാണ്. ഭരണഘടന രാജ്യത്ത് ഇല്ലാതായാൽ കേരളത്തിലേക്ക് ആർക്കുവേണമെങ്കിലും വന്ന് മലയാളം സംസാരിക്കാൻ പാടില്ലെന്ന് ആജ്ഞാപിക്കാൻ സാധിക്കും. കേരളത്തിന്റെ ഒരു പ്രത്യേക പാരമ്പര്യം പാടില്ലെന്ന് പറയാൻ കഴിയും. എല്ലാ ജനങ്ങളുടെയും ചരിത്രത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്ന ഇന്ത്യൻ പോരാട്ടത്തിൽ വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.

വയനാട് മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ ​ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. വലിയ ജനാവലിയുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയിൽ, തുറന്ന ജീപ്പിൽ ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ​ഗാന്ധി വേദിയിലേക്കെത്തിയത്. കെ.സി. വേണു​ഗോപാൽ, വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനൊപ്പമുണ്ടായിരുന്നു. മുസ്ലീം ലീ​ഗിന്റെയും കെ.എസ്.യുവിന്റെയും എംഎസ്എഫിന്റെയും ഉൾപ്പെടെ കൊടികളുടെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കിയത്.

എടവണ്ണയിലെ സ്വീകരണത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ രാഹുല്‍ കല്പറ്റയില്‍ എത്തിച്ചേരും. കല്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി. കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി., പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7