വിമാനത്തില്‍ നിന്നും കടലിലേക്ക് ചാടുമെന്ന് ഭീഷണി; മലയാളി അറസ്റ്റിൽ

ബംഗളൂരു: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ബി സി മുഹമ്മദാണ് അറസ്റ്റിലായത്.

ഈ മാസം 9നായിരുന്നു സംഭവം. എട്ടാം തിയതി രാത്രി ദുബായില്‍നിന്നും യാത്ര തുടങ്ങി 9ന് രാവിലെ 7.30നു മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ എത്തും വിധമാണ് സര്‍വീസ്. ദുബായില്‍നിന്നും വിമാനം എടുത്തതിന് പിന്നാലെ മുഹമ്മദ് ശുചിമുറിയില്‍ കയറി. ബാത്ത്‌റൂമില്‍ നിന്നും പുറത്തിറങ്ങിയ മുഹമ്മദ് കൃഷ്ണ എന്നപേരിലുള്ള വിവരങ്ങള്‍ തേടി ജീവനക്കാരെ സമീപിച്ചു. കൃഷ്ണ എന്ന പേരില്‍ ഒരു യാത്രക്കാരന്‍ വിമാനത്തില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നു യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മുഹമ്മദ് പെരുമാറിയെന്നാണ് പരാതി.

തുടര്‍ന്ന് വിമാനത്തില്‍ നിന്നും കടലിലേക്കു ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസില്‍ എയര്‍ ഇന്ത്യ പറയുന്നത്. ലൈഫ് ജാക്കറ്റ് ഊരി ക്രൂവിന് നല്‍കി, ഒരു കാരണവുമില്ലാതെ സര്‍വീസ് ബട്ടണ്‍ നിരന്തരം അമര്‍ത്തി, അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് ജീവനക്കാരെ ബുദ്ധിമുട്ടിച്ചു തുടങ്ങിയ ആരോപണങ്ങളും പരാതിയിലുണ്ട്.

മംഗളൂരുവില്‍ വിമാനമെത്തിയശേഷം എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജീവനക്കാര്‍ മുഹമ്മദിനെ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു. വിമാനത്തിന്റെ സെക്യൂരിറ്റി കോ-ഓര്‍ഡിനേറ്റര്‍ സിദ്ധാര്‍ഥ് ദാസ് ബജ്‌പേ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7