കൊച്ചി: പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ പ്രസവിച്ച പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതിജീവിത ഗര്‍ഭിണിയാണെന്നതും പ്രസവിച്ചതും മാതാപിതാക്കള്‍ അറിഞ്ഞിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ പൊലീസ് കൊലപാതക കുറ്റം ചുമത്തി ഉടന്‍ അറസ്റ്റ് ചെയ്യും.
കുഞ്ഞിനെ പ്രസവിച്ച കാര്യവും പുറത്തേക്കു വലിച്ചെറിഞ്ഞതും പെണ്‍കുട്ടി സമ്മതിച്ചിട്ടുണ്ട് എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.ശ്യാംസുന്ദര്‍ പറഞ്ഞു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണു പെണ്‍കുട്ടി തന്റെ മുറിയിലെ കുളിമുറിയില്‍ പ്രസവിക്കുന്നത്. മാതാപിതാക്കള്‍ സംഭവം അറിഞ്ഞിരുന്നില്ല. 8.15നാണ് പെണ്‍കുട്ടി കുഞ്ഞിനെ കൊറിയറിന്റെ കവറില്‍ പൊതിഞ്ഞ് താഴേക്ക് എറിയുന്നത്.
കുട്ടി ചാപിള്ളയാണോ അതോ കൊലപ്പെടുത്തിയതാണോ എന്ന കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മനസ്സിലാകൂ എന്നു കമ്മിഷണര്‍ വ്യക്തമാക്കി. പൊലീസ് ഫ്‌ലാറ്റിലെത്തി ചോദ്യം ചെയ്യുന്നതുവരെ തങ്ങളുടെ മകളാണ് ഇതു ചെയ്തത് എന്ന് മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണു പെണ്‍കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വല്ലാത്ത നടുക്കത്തിലാണു പെണ്‍കുട്ടിയെന്നും കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷമേ പൂര്‍ണമായ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.
അപ്പോഴുണ്ടായ നടുക്കത്തിലും ഭയത്തിലുമാണു പെണ്‍കുട്ടി കുഞ്ഞിനെ താഴേക്ക് എറിഞ്ഞതെന്നാണു മനസ്സിലാകുന്നത് എന്ന് കമ്മിഷണർ പറഞ്ഞു. ”പ്രാഥമികമായി ഇക്കാര്യത്തില്‍ മനസ്സിലായിട്ടുള്ളത് പെണ്‍കുട്ടി ബലാത്സംഗത്തിനു വിധേയമായിട്ടുണ്ട് എന്നാണ്. ഇക്കാര്യത്തിലും അന്വേഷണം നടക്കും. കുഞ്ഞ് ജീവനോടെയാണോ ജനിച്ചത്, കൊലപ്പെടുത്തിയ ശേഷം താഴേക്കു വലിച്ചെറിഞ്ഞതാണോ, താഴെ വീണപ്പോഴാണോ കൊല്ലപ്പെട്ടത് തുടങ്ങിയ കാര്യങ്ങളും അറിയേണ്ടതുണ്ട്. ഇപ്പോള്‍ കൊലപാതക കുറ്റം ചുമത്തിയാണു പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുന്നത്. പുലര്‍ച്ചെ 5 മണിക്ക് പ്രസവിച്ചതായതിനാല്‍ ആദ്യം ആശുപത്രിയിലേക്കാണ് അതിജീവിതയെ മാറ്റുക”കമ്മിഷണര്‍ പറഞ്ഞു.
ഇന്നു രാവിലെ 8.15നാണ് കുറിയര്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോളാണ് 7.37നാണ് കുഞ്ഞിന്റെ മൃതദേഹം താഴേക്ക് എറിഞ്ഞിരിക്കുന്നതെന്ന് വ്യക്തമായത്.
നവജാത ശിശുവിന്റെ മൃതദേഹം: അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയില്‍