നിരക്കിന്റെ പേരില്‍ ഇനി തര്‍ക്കം വേണ്ട; കൊച്ചിയില്‍ ഓണ്‍ലൈന്‍ ഓട്ടോ വരുന്നു

കൊച്ചിയിൽ ഓട്ടോറിക്ഷകളും ഓൺലൈൻ സർവീസ് തുടങ്ങുന്നു. ഓട്ടോറിക്ഷ റൈഡ് ആപ്പ് ‘ഒൗസ’ രണ്ടാഴ്ചക്കകം സജ്ജമാക്കാൻ ആർടിഒ കെ. മനോജ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ ഓട്ടോറിക്ഷ തൊഴിലാളി സഹകരണ സംഘവും മോട്ടർ വാഹന വകുപ്പും ചേർന്നാണ് ഓൺലൈൻ ഓട്ടോ ഒരുക്കുന്നത്. പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാനാകും വിധമാണ് ആപ്പ് തയാറാക്കുന്നത്.

കൊച്ചി നഗരത്തിലെ 60 സ്റ്റാൻഡുകളിലെ ഓട്ടോ ഡ്രൈവർമാർക്കുള്ള പരിശീലനം പൂർത്തിയായി. 3,500 ഓട്ടോകളാണ് സഹകരണ സംഘത്തിന്റെ നിയന്ത്രണത്തിലുള്ളത്. കൃത്യമായ സ്ഥലവിവരം നൽകി ഓൺലൈനിൽ ഓട്ടോ വിളിക്കുമ്പോൾ യാത്രാനിരക്കും ദൃശ്യമാകുമെന്നതിനാൽ നിരക്കിനെ ചൊല്ലിയുള്ള തർക്കം ഉണ്ടാകില്ല. അടുത്ത ഘട്ടത്തിൽ ഈ സംവിധാനത്തെ മെട്രോ ട്രെയിൻ, ബസ് സർവീസുകളുമായി ബന്ധിപ്പിക്കും. ക്യു ആർ കോഡ് പേയ്മെന്റ് സംവിധാനവും ഒരുക്കും.

ഓട്ടോ യാത്രയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുകയാണ് ലക്ഷ്യം. ഓട്ടോ തൊഴിലാളികളുടെ വരുമാനം വർധിക്കുമെന്നും യോഗം വിലയിരുത്തി. എൻഫോഴ്സ്മെന്റ് ആർടിഒ ജി.അനന്തകൃഷ്ണൻ, ഓട്ടോറിക്ഷ സഹകരണ സംഘം പ്രസിഡന്റ് സ്യമന്തഭദ്രൻ, ബിനു വർഗീസ്, വി.കെ.അനിൽകുമാർ, ബാബു സാനി, ടി.ബി. മിനി തുടങ്ങിയവർ പ്രസംഗിച്ചു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular