മലയാള സിനിമയുടെ പേരിൽ വിദേശ മലയാളികളിൽനിന്ന് ലക്ഷങ്ങൾ തട്ടി; പിന്നിൽ ഷിബു ലോറൻസ് ജോണും ബൈജു കൊട്ടാരക്കരയുമെന്ന് നിർമ്മാതാവ്; കേസെടുത്ത് കേരള പോലീസ്

കൊച്ചി: സിനിമാ പ്രവർത്തകർ, നിരോധിച്ച സംഘടനയായ “മാക്ട” ഭാരവാഹികൾ എന്ന രീതിയിൽ പരിചയപ്പെടുത്തി വിദേശ മലയാളികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു വഞ്ചിച്ച കേസിൽ ഓസ്‌ട്രേലിയൻ മലയാളിയായ ഷിബു ലോറെൻസ് ജോണിനും യൂട്യൂബറും സംവിധായകനുമായ ബൈജു കൊട്ടാരക്കരയ്ക്കും എതിരേ കേരള പോലീസ് കേസെടുത്തു. ഇവർക്കെതിരെ കൂടുതൽ തെളിവുകൾ കേരള പോലീസ് ശേഖരിച്ചു വരികയാണെന്നും റിപ്പോ‌ർട്ടുണ്ട്.

മലയാളത്തിലെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ “വൗ” സിനിമാസിന്റെ പ്രൊഡ്യൂസർ സന്തോഷ് ത്രിവിക്രമനും മാനേജർ ഷിബു ജോബുമാണ് അവസാനമായി ഇവരുടെ ചതിയിൽ പെട്ടത്. “പ്രിയൻ ഓട്ടത്തിലാണ്”, “കുഞ്ഞമ്മിണി ഹോസ്പിറ്റൽ”, “സീക്രെട് ഹോം” എന്നീ സിനിമകൾ കൂടാതെ 25 ലധികം സിനിമയുടെ പ്രൊഡക്ഷനിൽ ഭാഗമായ സന്തോഷ് ത്രിവിക്രമൻ എന്ന വിദേശ മലയാളിയെ ആണ് തങ്ങൾ ഓവർ സീസ് ഡിസ്ട്രിബൂഷൻ ചെയ്യുന്നവരാണ് എന്ന് പറഞ്ഞ് “കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ” എന്ന സിനിമയുടെ റിലീസിംഗ് സമയത്ത് ഷിബു ജോണും അയാളുടെ ഭാര്യ ജോമോൾ ഷിബു ജോണും സമീപിച്ചത്.

35 ലക്ഷം രൂപക്ക് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ മാത്രം എടുത്ത ഇരുവരും പക്ഷെ ഓസ്‌ട്രേലിയയിൽ ഉള്ള മലയാളികളിൽ നിന്നും ഈ സിനിമയുടെ പാർട്ണർ ആണെന്ന് പറഞ്ഞു 1 കോടിയിലധികം പണം കൈക്കലാക്കുകയും “വൗ സിനിമാസിലെ” മാനേജർ ആയ “ഷിബു” ആണെന്ന് പറഞ്ഞു ആൾ മാറാട്ടം നടത്തി വഞ്ചിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇവർക്കെതിരെ തട്ടിപ്പിനിരയായവർ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ് നൽകിയിട്ടുണ്ട്. തട്ടിപ്പു നടത്തിയ പണം ഷിബു ജോണിന്റെ ഭാര്യ ജോമോൾ ഷിബുവിന്റെ കേരളത്തിലെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായിട്ടാണ് വിവരങ്ങൾ.

ഇതിനോടനുബന്ധിച്ച് ബൈജു കൊട്ടാരക്കര വൗ സിനിമാസിന്റെ മാനേജർ ആയ ഷിബു ജോബിനെയും സന്തോഷ് ത്രിവിക്രമനെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും കേസ് പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയുമെന്നും ഷിബു ജോബിന്റെ ഭാര്യയെയും മക്കളെയും വകവരുത്തുമെന്നു ഭീഷണി പെടുത്തുകയും ഇരുവരുടെയും പേരിൽ വീഡിയോ ചെയ്തു സ്വന്തം യൂട്യൂബ് ചാനലിൽ അപകീർത്തിപ്പെടുത്തുകയും ചെയ്തതിൽ ഇരുവരുടെയും പേരിൽ കേരളാ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടക്കുന്നുണ്ട്.

കൂടാതെ മലയാളത്തിലെ “വെള്ളം”, “നദികളിൽ സുന്ദരി യമുന” തുടങ്ങിയ സിനിമകളുടെ പ്രൊഡ്യൂസർ ആയ മുരളി ദാസിനെ ഓസ്‌ട്രേലിയയിൽ ബിസിനസ് പാർട്ണർ ആക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് 2 കോടിയിലധികം രൂപ തട്ടിയെടുത്ത മറ്റൊരു കേസും കേരളത്തിൽ ഷിബു ലോറൻസ് ജോണിനെതിരെ നിലവിൽ ഉണ്ടെന്നാണ് വിവരം.

ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അടുത്ത ബന്ധുവാണെന്നു പ്രചരിപ്പിച്ചു ഓസ്‌ട്രേലിയയിലേക്ക് വിസയും റെസിഡൻസി പെർമിറ്റും വാഗ്ദാനം ചെയ്ത് പലരിൽ നിന്നും കോടികൾ തട്ടിയെടുത്ത കേസുകളിൽ ഓസ്‌ട്രേലിയയിലും ഇന്ത്യയുടെ പല സംസഥാനങ്ങളിലും ഇയാൾക്കെതിരെ നിരവധി പോലീസ് കേസുകൾ നിലവിൽ ഉള്ളതായി പറയപ്പെടുന്നു. ഓസ്‌ട്രേലിയയിൽ നിരവധി പേപ്പർ കമ്പനികൾ തുടങ്ങി അവിടത്തെ ഗവണ്മെന്റ് ഗ്രാൻഡ് തട്ടിച്ചതടക്കം നിരവധി കേസുകളിൽ ഈ വ്യക്തി ഓസ്‌ട്രേലിയയിൽ നിയമ നടപടികൾ നേരിട്ട് കൊണ്ടിരിക്കുന്നതായും കേരള പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇയാളുമായി മന്ത്രിക്കോ കുടുംബാംഗങ്ങൾക്കോ യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇയാൾക്ക് മലയാള സിനിമയിലെ പല വമ്പൻ ശക്തികളുടെയും പിന്തുണ ഉള്ളതായി പറയപ്പെടുന്നു. പ്രശസ്ത സംവിധായകനുമായുള്ള പണമിടപാടുകളിലേക്കും ഓസ്‌ട്രേലിയയിൽ ഇവർ ഒരുമിച്ചു ചെയ്യുന്ന ബിസിനസ്സുകളിലേക്കും എൻഫോഴ്‌സ്‌മെന്റ് അടക്കമുള്ള ഏജൻസികളുടെ അന്വേഷണം നടക്കുന്നതായാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

മലയാള സിനിമയുടെ ഓസ്‌ട്രേലിയയിൽ മാത്രം വിതരണം ചെയ്തു കൊണ്ടിരിക്കുന്ന ഇയാൾ ഓവർ സീസ് ഡിസ്‌ട്രിബ്യൂട്ടർ എന്ന് സ്വയം പരിചയപ്പെടുത്തി ആണ് പ്രൊഡ്യൂസർമാരിലേക്ക് അടുപ്പം സ്ഥാപിക്കുന്നത്. ഇയാളെ പല പ്രൊഡ്യൂസർമാരിലേക്കും പരിചയപ്പെടുത്തിയ പ്രശസ്ത സംവിധായകനും ഈ കണ്ണികളിൽ ഭാഗമാണോ എന്ന് പോലീസ് സംശയിക്കുന്നു.

വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത് കൊണ്ട് വരുമെന്നും നിയമ നടപടികളുമായി ഏതറ്റം വരെയും ഈ കാര്യത്തിൽ പോകുമെന്നും കേരളാ പോലീസ് നടപടികളോട് പൂർണ വിശ്വാസം ഉണ്ടെന്നും സന്തോഷ് ത്രിവൃക്രമൻ മാധ്യമങ്ങളോട് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular