ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി വീണ്ടും ദുബായ്

ദുബായ്: സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി വീണ്ടും ദുബായ് തിരഞ്ഞെടുക്കപ്പെട്ടു. ട്രാവൽ ബുക്കിങ് ആൻഡ് റിവ്യൂ പ്ലാറ്റ്‌ഫോമായ ട്രിപ് അഡ്വൈസർ 2024-ലെ ട്രാവലേഴ്‌സ് ചോയ്‌സ് പുരസ്കാരമാണ് ദുബായിക്ക് ലഭിച്ചത്. ഒന്നാം നമ്പർ ആഗോള ലക്ഷ്യസ്ഥാനമെന്ന അംഗീകാരം തുടർച്ചയായി മൂന്നാം വർഷമാണ് ദുബായിക്ക് ലഭിക്കുന്നത്.

ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘പതിറ്റാണ്ടുകൾക്ക് മുൻപ് കൈവരിക്കാനാകാത്ത സ്വപ്നമാണ് വിനോദസഞ്ചാരമേഖലയിൽ ദുബായിയുടെ സ്ഥിരതയാർന്ന നേട്ടങ്ങൾ. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മികവാർന്ന നേതൃത്വത്തിന് നന്ദി, സ്വപ്നങ്ങൾ യാഥാർഥ്യമായിരിക്കുന്നു’ എന്ന് ശൈഖ് ഹംദാൻ എക്സിൽ കുറിച്ചു.

ട്രിപ് അഡ്‍വൈസറിലെ യാത്രക്കാരുടെ അവലോകനങ്ങളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് 2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെയുള്ള 12 മാസക്കാലയളവിലെ വിലയിരുത്തലിലൂടെയാണ് ദുബായ് മുന്നിലെത്തിയത്.

വളർന്നുവരുന്ന ടൂറിസം സാധ്യതകൾ, തൊഴിൽ അവസരങ്ങൾ, ബിസിനസ്, എന്നിവയെല്ലാം ദുബായിയെ ആളുകളുടെ പ്രിയപ്പെട്ട ഇടമാക്കിമാറ്റി. ബാലി, ലണ്ടൻ, റോം, പാരീസ്, തുടങ്ങിയ അന്താരാഷ്ട്ര പ്രസിദ്ധിയാർജിച്ച നഗരങ്ങളെ പിന്തള്ളിയാണ് ദുബായ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ബാലിയാണ് രണ്ടാം സ്ഥാനത്ത്. ലണ്ടൻ, ഹനോയ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത് ഇടംനേടി.

മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാകും; ആദ്യഘട്ടത്തിൽ എല്ലാ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും; കെ- സ്മാർട്ട് ഉദ്ഘാടനം ചെയ്തു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7