അക്കൗണ്ട് തുറക്കാൻ മോദി നേരിട്ട് എത്തുമോ? പ്രധാനമന്ത്രി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് സുരേന്ദ്രൻ

ന്യൂഡല്‍ഹി: വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെപി അവസാനത്തെ അടവും പയറ്റുമോ..?​ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും മോദി വിജയിക്കും. മത്സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുന്നത് കേന്ദ്ര നേതൃത്വമാണ്. രാഹുല്‍ ഗാന്ധിയ്ക്ക് ഇവിടെ വന്ന് മത്സരിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് വന്ന് മത്സരിച്ചു കൂടെ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു സുരേന്ദ്രൻ ഇങ്ങനെ പ്രതികരിച്ചത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം ആലോചനയിലുണ്ട്. ബിഡിജെഎസുമായി ആലോചിച്ച് അക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സുരന്ദ്രന്റെ പ്രതികരണം.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ന്യായത്തിന്റെ പക്ഷത്താണെന്ന് പറഞ്ഞ സുരേന്ദ്രന്‍ എസ്.എഫ്.ഐയ്‌ക്കെതിരെയും സംസാരിച്ചു. ‘സര്‍വകലാശാലകളില്‍ ഇപ്പോള്‍ ശുദ്ധവായു വരുന്നു. ജെഎന്‍യു പൊളിച്ചില്ലേ? അതിനേക്കാള്‍ എളുപ്പത്തില്‍ നടക്കും കേരളത്തില്‍. കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് എസ്എഫ്ഐ ക്രിമിനലുകളെ പുറത്താക്കും. എഴുപത് വര്‍ഷമായി എകെജി സെന്ററിലെ അടിച്ചു തളിക്കാരാണ് സെനറ്റിലും സിന്‍ഡിക്കേറ്റിലും ഉള്ളത്. ഇപ്പോള്‍ ശരിയായ ആള്‍ക്കാര്‍ വന്നപ്പോള്‍ എന്തിനാണ് ബഹളം വെയ്ക്കുന്നത്. അക്ഷരാഭ്യാസമില്ലാത്ത ഏരിയാ സെക്രട്ടറിമാര്‍ എഴുതിക്കൊടുക്കുന്ന കടലാസ് വെച്ച് സെനറ്റും സിന്‍ഡിക്കേറ്റും കുത്തി നിറച്ചതാണ് കഴിഞ്ഞ കാലത്തെ ചരിത്രം’- സുരേന്ദ്രന്‍ വ്യക്തമാക്കി

ബിജെപിയുടെ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിലും സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കി. ബുള്‍ഡോസര്‍ വെക്കേണ്ട ധാരാളം സ്ഥലങ്ങള്‍ കേരളത്തിലുമുണ്ടെന്നാണ് സുരേന്ദ്രന്റെ അഭിപ്രായം. പലയിടത്തും ജനാധിപത്യ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിക്കുന്നില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കാന‍ഡയിലേക്ക് പോകുന്ന വിദ്യാ‌ർത്ഥികൾക്ക് വൻ തിരിച്ചടി

Similar Articles

Comments

Advertismentspot_img

Most Popular