കൊച്ചി: സിനിമാ റിവ്യു ബോംബിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു. ഡിജിറ്റൽ മാര്‍ക്കറ്റിങ് രംഗത്തുള്ളവരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യാനും നിര്‍മാതാക്കളുടെ സംഘടനയുടെ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാനും പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു. സംഘടനയുടെ അക്രഡിറ്റേഷൻ ഉള്ളവരെ മാത്രമേ സിനിമാ പ്രമോഷനിൽ സഹകരിപ്പിക്കൂ.
വാർത്താ സമ്മേളനത്തിൽ അടക്കം എത്തുന്ന ഡിജിറ്റൽ മാർക്കറ്റിങ്ങുകാരെ നിയന്ത്രിക്കാനും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. റിവ്യു ബോംബിങിന്റെ പശ്ചാത്തലത്തില്‍ സിനിമകളുടെ പ്രമോഷനടക്കം പ്രോട്ടോക്കോള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി.
ഇക്കാര്യം മുന്‍നിര്‍ത്തി സിനിമയിലെ പിആര്‍ഒമാരുടെയും ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരുടെയും യോഗം നിര്‍മാതാക്കള്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇതിനു പിന്നാലെ ഇന്ന് ഫിലിം ചേംബർ, ഫെഫ്ക ഭാരവാഹികളുടെ യോഗത്തിലാണു തീരുമാനം ഉണ്ടായത്. റിവ്യൂ ബോംബിങ് സിനിമാ മേഖലയെ വലിയ രീതിയിൽ പ്രതികൂലമായി ബാധിക്കുന്നതായി യോഗം വിലയിരുത്തി.
സിനിമയെ മോശമാക്കാൻ സമൂഹമാധ്യമങ്ങളിൽ റിവ്യൂ നടത്തിയെന്ന പരാതിയിൽ സംസ്ഥാനത്ത് ആദ്യമായി പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ് സജീവചർച്ചയായിരിക്കെയാണ് എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെ കേസെടുത്തത്. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണു കേസെടുത്തത്. സ്നേക്ക് പ്ലാന്റ് സിനിമാ പ്രമോഷൻ കമ്പനി ഉടമ ഹെയ്ൻസ്, അനൂപ് അനു ഫെയ്സ്ബുക് അക്കൗണ്ട്, അരുൺ തരംഗ, എൻവി ഫോക്കസ്, ട്രെൻഡ് സെക്ടർ 24×7, അശ്വന്ത് കോക്, ട്രാവലിങ് സോൾമേറ്റ്സ് എന്നീ യൂട്യൂബർമാർ 7 വരെ പ്രതികളും യുട്യൂബ്, ഫെയ്സ്ബുക് എന്നിവ എട്ടും ഒൻപതും പ്രതികളുമാണ്. റിലീസിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ മോശം റിവ്യൂവും കമന്റുമിട്ടതിനാണു നടപടി.