ട്രൂലി മലയാളിയുമായി സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ശബരീഷ് നാരായണൻ

കൊച്ചി: മലയാളത്തിലെ ആദ്യ സ്വതന്ത്ര സ്റ്റാന്‍ഡപ് കോമഡി ഷോയായ ‘ട്രൂലി മലയാളി’ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് “ശബരീഷ് നാരായണൻ” എന്ന യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും. നൂറോളമുള്ള വിജയകരമായ ലൈവ് ഷോകള്‍ക്കു ശേഷമാണ് സ്വതന്ത്ര കൊമേഡിയന്‍ ശബരീഷ് തന്റെ ഷോ ഓണ്‍ലൈനായി റിലീസ് ചെയ്യുന്നത്. കേരളത്തിലെ ഹാസ്യ പ്രേമികള്‍ക്കിടയില്‍ സ്വീകാര്യത ഏറിവരുന്ന സ്റ്റാന്‍ഡപ്പ് കോമഡി രംഗത്ത് സ്വന്തമായി ഒരിടം കണ്ടെത്തിയ ശബരീഷ് സൗജന്യമായാണ് ട്രൂലി മലയാളി ഷോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തിക്കുന്നത്.

സ്റ്റാൻഡ് അപ്പ് ശബരി എന്ന പേരിൽ അറിയപ്പെടുന്ന ശബരീഷ് നാരായണൻ തന്റെ കരിയറിന്റെ ആറാം വർഷത്തിലേക്ക് കടക്കുകയാണ്. ടെഡ് എക്സ് സ്‍പീക്കർ, കേരളത്തിലും വിദേശത്തുമായി നിരവധി ഷോകൾ എന്നീ ടാഗുകളോടെ ഹാസ്യപ്രേമികൾക്കിടയിൽ സ്വന്തമായൊരിടം കണ്ടെത്തിയ സ്റ്റാൻഡ് അപ്പ് ശബരിയുടെ ട്രൂലി മലയാളിയിലേക്കും പ്രേക്ഷകരുടെ പ്രതീക്ഷ വലുതാണ്. ജനപ്രിയ മലയാളം ഹാസ്യ പരിപാടിയായ ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ പങ്കെടുത്ത ശബരീഷ് മിനിറ്റുകളുടെ പെർഫോമൻസിനുള്ളിൽ വിധികർത്താക്കളെയൊക്കെ കുപ്പിയിലാക്കി ബമ്പറുമടിച്ചാണ് തിരികെ പോയത്.

തന്റെ സ്വതസിദ്ധമായ നർമശൈലിയിൽ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ഏറെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ശബരിയുടെ ഷോകൾക്ക് ആരാധകർ ഏറെയാണ്.

“വാച്ച് ആൻഡ് പേ വാട്ട് എവർ യു ഫീൽ ലൈക്” സമ്പ്രദായം മലയാളികൾക്കിടയിലേക്ക് എത്തിക്കുന്നു എന്ന പ്രത്യേകത കൂടി സ്റ്റാൻഡ് ശബരിയുടെ ട്രൂലി മലയാളി ഷോയ്ക്കുണ്ട്. ഷോ കണ്ടതിനു ശേഷം ഓരോരുത്തരുടെയും താല്പര്യത്തിനനുസരിച്ച് ഇഷ്ടമുള്ള തുക വീഡിയോയ്ക്ക് താഴെയുള്ള ലിങ്കിലൂടെ പ്രേക്ഷകർക്ക് നൽകാം. ഇനി സൗജന്യമായി മതിയെങ്കിൽ അങ്ങനെയും. ഇതോടെ, തന്റെ ആരാധകർക്കിടയിൽ ശക്തമായ കൂട്ടായ്മയും സൗഹൃദവും സൃഷ്ടിക്കാൻ അദ്ദേഹം ലക്ഷ്യമിടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular