ചെന്നൈ : ലോകേഷ് കനകരാജിന്റെ പുതിയ ചിത്രം ലിയോയുടെ ട്രെയിലറിലെ വിവാദ സംഭാഷണത്തിന് നായകന്‍ വിജയ് കുറ്റക്കാരനല്ലെന്ന് സംവിധായകന്‍. ഈ സംഭാഷണം ഉള്‍പ്പെടുത്തുന്നതിന് വിജയ് ആദ്യം വിസമ്മതിച്ചിരുന്നുവെന്നും കഥാസന്ദര്‍ഭത്തിന് ഇത് അനിവാര്യമാണെന്ന് താന്‍ വിശദീകരിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് അദ്ദേഹം സമ്മതിച്ചതെന്നും ലോകേഷ് പറഞ്ഞു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ ട്രെയിലറില്‍ വിജയ്യുടെ കഥാപാത്രത്തിന്റെ ഒരു സംഭാഷണം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് ഹിന്ദുമക്കള്‍ ഇയക്കവും ബി.ജെ.പി. യും രംഗത്തുവന്നിരുന്നു. ഹിന്ദുമക്കള്‍ ഇയക്കം പോലീസില്‍ പരാതിയും നല്‍കി. സംഭാഷണം ട്രെയിലറില്‍നിന്നും സിനിമയില്‍നിന്നും നീക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. നവരാത്രിയോടനുബന്ധിച്ച് ഈ മാസം 19-നാണ് ലിയോ റിലീസ് ചെയ്യുന്നത്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. വിജയോടൊപ്പം വമ്പന്‍ താരനിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.