ഗാസയില്‍ വ്യോമാക്രമണം നടത്തുന്നതിന്റെ വിഡിയോ പങ്കുവച്ചു പ്രധാനമന്ത്രി; ‘ഞങ്ങള്‍ തുടങ്ങി, ഇസ്രയേല്‍ വിജയിക്കും’ കുറിപ്പ് , ബോംബ് വര്‍ഷത്തിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ കാണാം

ജറുസലം:: ഹമാസിനെതിരെ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ ഗാസയില്‍ വ്യോമാക്രമണം നടത്തുന്നതിന്റെ വിഡിയോ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തന്നെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചു. ‘ഞങ്ങള്‍ തുടങ്ങി, ഇസ്രയേല്‍ വിജയിക്കും’ എന്ന കുറിപ്പോടെയാണ് നെതന്യാഹുവിന്റെ ട്വീറ്റ്. തുടര്‍ച്ചയായ ബോംബ് വര്‍ഷത്തില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിലംപൊത്തുന്നതു വിഡിയോയില്‍ കാണാം. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 700 കടന്നു.

ഗാസയ്ക്കുനേരെ കരയാക്രമണത്തിന് ഇസ്രയേല്‍ 3 ലക്ഷം റിസര്‍വ് സൈനികരെ സജ്ജരാക്കി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ വൈദ്യുതിയും ഭക്ഷണവും ഇന്ധനവും തടഞ്ഞ് പൂര്‍ണ ഉപരോധത്തിന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഉത്തരവിട്ടു. ഗാസ സിറ്റിയില്‍ കനത്ത വ്യോമാക്രമണം തുടരുന്നു. 23 ലക്ഷം ജനസംഖ്യയുള്ള ഗാസയില്‍ ശനിയാഴ്ച രാത്രി തന്നെ വൈദ്യുതി നിലച്ചിരുന്നു. വ്യോമാക്രമണം കനത്തതോടെ ഗാസ സിറ്റിയിലെ 1.37 ലക്ഷം പേര്‍ 2 ദിവസത്തിനിടെ വീടൊഴിഞ്ഞുപോയെന്നാണു റിപ്പോര്‍ട്ടുകള്‍. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപായ ജബാലിയയില്‍ വ്യോമാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു.

ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 900 ആയി; ഇതില്‍ 10 നേപ്പാള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. ഇന്നലെ ഗാസയില്‍ 2750 പേര്‍ക്കും ഇസ്രയേലില്‍ 224 പേര്‍ക്കുമാണു പരുക്കേറ്റത്. ശനിയാഴ്ച തെക്കന്‍ ഇസ്രയേലില്‍ പ്രവേശിച്ച ഹമാസ് സംഘത്തിന്റെ വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ ഗാസ അതിര്‍ത്തിയോടു ചേര്‍ന്ന കിബുറ്റ്‌സില്‍ സംഗീതോത്സവത്തിനെത്തിയ 260 പേരും ഉള്‍പ്പെടുന്നു. കിബുറ്റ്‌സിലെ ഒരു ഫാമിലാണ് 10 നേപ്പാളി വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. 9 യുഎസ് പൗരരും കൊല്ലപ്പെട്ടു.

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ പൗരന്മാരായ 4 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ സൈനികവിഭാഗമായ ദിന്‍ അല്‍ ഖസം ബ്രിഗേഡ്‌സ് അറിയിച്ചു. കുട്ടികളടക്കം നൂറിലേറെപ്പേര്‍ ബന്ദികളായി ഗാസയിലുണ്ടെന്നാണു റിപ്പോര്‍ട്ട്. മറ്റൊരു പലസ്തീന്‍ സായുധസംഘമായ ഇസ്ലാമിക് ജിഹാദും ചിലരെ ബന്ദികളാക്കിയിട്ടുണ്ട്.മൂന്നാം ദിവസവും തെക്കന്‍ ഇസ്രയേലില്‍ പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്. എല്ലാ അതിര്‍ത്തിപ്പട്ടണങ്ങളുടെയും നിയന്ത്രണം വീണ്ടെടുത്തതായി ഇസ്രയേല്‍ സേന അവകാശപ്പെട്ടു.

പുതിയ അപ്‌ഡേഷനുമായി വീണ്ടും വാട്ട്‌സാപ്പ് ഞെട്ടിച്ചു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7