മാപ്പ് പറയണമെങ്കിൽ ഒന്നുകൂടി ജനിക്കണം’; സ്വപ്ന

ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് മാപ്പ് പറയണമെങ്കിൽ താൻ ഒരിക്കൽക്കൂടി ജനിക്കണമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല. തന്റെ ഭാഗത്തുനിന്ന് മാപ്പ് പറയൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ടീസ് കിട്ടിയാൽ എന്റെ അഭിഭാഷകൻ മറുപടി നൽകുമെന്ന് അവർ ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള പോലീസ് സ്റ്റേഷനുകളിൽ കേസെടുത്താലും സ്വർണക്കടത്ത് കേസിന്റെ അവസാനം കാണാതെ സ്വപ്ന അടങ്ങില്ലെന്നും അവർ കൂട്ടിച്ചേർത്തു.

‘ഞാൻ ഒരിക്കൽക്കൂടി പറയുന്നു .. ഞാൻ മാപ്പ് പറയണമെങ്കിൽ ഞാൻ ഒരിക്കൽക്കൂടി ജനിക്കണം, മിസ്റ്റർ ഗോവിന്ദൻ. കാരണം എന്റെ മനസാക്ഷിക്കുമുന്നിൽ ഞാൻ തെറ്റുചെയ്തിട്ടില്ല. അതുകൊണ്ട് മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല. എന്റെ ഭാഗത്തുനിന്ന് മാപ്പ് പറയൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ടീസ് കിട്ടിയാൽ എന്റെ അഭിഭാഷകൻ മറുപടി നൽകും’ – അവർ പറഞ്ഞു.

ഷാജ് കിരൺ എന്നയാൾ കാണാൻ വന്നശേഷം ഗൂഢാലോചന ആരോപിച്ച് തനിക്കെതിരെ കേസെടുത്തു. തിരുവനന്തപുരം മുതൽ കാസർകോടുവരെ തനിക്കെതിരെ കേസെടുത്താലും ഇതിന്റെ അവസാനം കാണാതെ സ്വപ്ന സുരേഷ് അടങ്ങില്ല. മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും പറയാനുള്ളത് ഇതാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേസെടുത്താലും അതിനെ സ്വാഗതം ചെയ്യും കേസ് നേരിടും പക്ഷെ, എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരാൻ മരണംവരെ പരിശ്രമം നടത്തും. മുഖ്യമന്ത്രി തന്റെ പിതാവോ അമ്മാവനോ അല്ല. അദ്ദേഹം പ്രതികരിക്കാത്തത് കാര്യമാക്കുന്നില്ല. എല്ലാവരും കുറ്റകൃത്യത്തിൽ പങ്കാളികളാണ്. ഏതെങ്കിലും കേസിൽ എന്നെ മൂന്ന് വർഷമെങ്കിലും അകത്താക്കുമെന്നാണ് വിജേഷ് പിള്ള എന്നയാൾ പറഞ്ഞത്. ഇപ്പോൾ എന്താണ് സംഭവിച്ചത്. ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നു. വിജേഷ് പിള്ള പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ? എനിക്ക് ഭയമില്ല.
മുഖ്യമന്ത്രി അയച്ചതാണെന്ന് പറഞ്ഞാണ് ഷാജ് കിരൺ എന്ന അവതാരം ആദ്യംവന്നത്. ഒത്തുതീർപ്പിനാണ് വന്നത്. പറഞ്ഞകാര്യങ്ങൾ റെക്കോർഡ് ചെയ്ത് ജനങ്ങളെ അറിയിച്ചതോടെ ക്രൈംബ്രാഞ്ച് എനിക്കെതിരെ കേസെടുത്തു. ഷാജ് കിരണിനെ രക്ഷപ്പെടുത്തിക്കൊണ്ട് എനിക്കെതിരെ കേസെടുത്തു. ഇപ്പോൾ അടുത്തയാൾ വന്നിരിക്കുന്നു. എം.വി ഗോവിന്ദൻ എന്ന് പേരുള്ള ആരോ അയച്ചതാണെന്ന് പറഞ്ഞാണ് അയാൾ വന്നത്. എം.വി ഗോവിന്ദൻ ആരാണെന്ന് അറിയില്ല. രണ്ടാമത്തെയാളും 30 കോടിയുടെ കാര്യംപറഞ്ഞ് വെബ് സീരീസിറ്റിന്റെ കഥയുണ്ടാക്കി ഒത്തുതീർപ്പിനാണ് വന്നത്. നീ നാടുവിട്ട് പോകണമെന്ന് പറഞ്ഞു. പക്ഷെ ഞാൻ ഫെയ്സ്ബുക്ക് ലൈവിൽവന്നു ജനങ്ങളെ അറിയിച്ചു. കേരളത്തിന്റെ സ്ഥിതി എത്ര ദയനീയമാണ്. ഇവർക്ക് എന്തൊക്കെയോ മറയ്ക്കാനുണ്ട്. അതാണ് ഇവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. ക്രൈബ്രാഞ്ച് അടുത്ത കേസ് എനിക്കെതിരെ എടുത്തിരിക്കുന്നു. യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നത്. എത്ര ദയനീയമാണ് കാര്യങ്ങൾ. എനിക്കെതിരെ കേസെടുക്കേണ്ട കാര്യം ഇതിലുണ്ടോ?

ഞാൻ ഇരിക്കുന്ന സ്ഥലത്ത് ഇന്നയാൾ വിട്ടു എന്നുപറഞ്ഞ് വന്നയാൾ പറഞ്ഞകാര്യങ്ങളാണ് പുറത്തുവിട്ടത്. ഞാൻ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. എനിക്ക് ഗോവിന്ദനെ അറിയില്ല. പിന്നെ എന്തിനാണ് എനിക്കെതിരെ കേസെടുത്തത്. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട വക്കീൽ നോട്ടീസയച്ചെന്ന് പറയുന്നു. നോട്ടീസ് ലഭിച്ചാൽ മറുപടി കൊടുക്കാൻ അഭിഭാഷകനോട് നിർദേശിക്കും – അവർ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പിൻവലിക്കാൻ സമ്മർദം ചെലുത്തിയെന്ന വെളിപ്പെടുത്തലിനെത്തുടർന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്വപ്ന സുരേഷിനെതിരെ വക്കീൽ നോട്ടീസ് അയച്ചത് . ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഇതേക്കുറിച്ചാണ് സ്വപ്ന സുരേഷിന്റെ പ്രതികരണം.

Similar Articles

Comments

Advertismentspot_img

Most Popular