കണ്ണൂര്‍: തലശ്ശേരിയില്‍ രണ്ടുപേരെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പാറായി ബാബു എന്നയാളാണ് ഇരിട്ടിയില്‍നിന്ന് പിടിയിലായത്. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ തലശ്ശേരി സ്വദേശികളായ മൂന്നുപേരും പിടിയിലായിട്ടുണ്ട്. പ്രതികള്‍ എത്തിയ ഓട്ടോറിക്ഷ പിണറായിയിലെ സന്ദീപ് എന്നയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ലഹരിമാഫിയ സംഘത്തിന്റെ തലവനാണ് പിടിയിലായിരിക്കുന്ന പാറായി ബാബു. തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിവില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പാറായി ബാബുവെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇയാളുടെ വീട്ടില്‍ ഉള്‍പ്പെടെ കഴിഞ്ഞദിവസം രാത്രി പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. കേസില്‍ പാറായി ബാബു അടക്കം നാല് പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞദിവസം പോലീസിന്റെ പടിയില്‍നിന്ന് തലനാരിഴയ്ക്കാണ് ബാബു രക്ഷപ്പെട്ടത്. ഇയാള്‍ക്കായി കര്‍ണാടകത്തിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് ഇയാള്‍ ഇരിട്ടിയില്‍നിന്ന് പിടിയിലായത്. തലശ്ശേരി എഎസ്പി നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പ്രതിക്കായുള്ള അന്വേഷണം നടത്തിയത്.
ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു തലശ്ശേരിയെ നടുക്കിയ ഇരട്ടക്കൊലപാതകം. സി.പി.എം. പ്രവര്‍ത്തകരായ നെട്ടൂര്‍ ഇല്ലിക്കുന്ന് സ്വദേശികളായ കെ.ഖാലിദ്(52) പൂവനയില്‍ ഷമീര്‍(40) എന്നിവരെയാണ് തലശ്ശേരി സഹകരണ ആശുപത്രി പരിസരത്തുവെച്ച് വെട്ടിക്കൊന്നത്. ലഹരിമാഫിയ സംഘത്തെ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
ലഹരിവില്‍പ്പന ചോദ്യംചെയ്തതിന് ഷമീറിന്റെ മകന്‍ ഷിബിലിനെ ബുധനാഴ്ച ഉച്ചയ്ക്ക് ഒരാള്‍ മര്‍ദിച്ചിരുന്നു. പരിക്കേറ്റ ഷിബിലിനെ ആശുപത്രിയില്‍ എത്തിച്ചതറിഞ്ഞത് ലഹരിസംഘത്തില്‍ ഉള്‍പ്പെട്ട ഒരാളും ഇവിടെയെത്തി. തുടര്‍ന്ന് പ്രശ്നങ്ങളെല്ലാം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് ഖാലിദ് അടക്കമുള്ളവരെ ആശുപത്രിക്ക് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് സംസാരിക്കുന്നതിനിടെയാണ് ലഹരിസംഘം വാഹനത്തില്‍ കരുതിയിരുന്ന കത്തിയുമായി ആക്രമണം നടത്തിയത്.
ഖാലിദിന്റെ കഴുത്തിനാണ് ആദ്യം വെട്ടേറ്റത്. തടയാന്‍ ശ്രമിച്ചപ്പോള്‍ ഷമീറിനെയും സുഹൃത്തായ ഷാനിബിനെയും അക്രമിസംഘം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഖാലിദിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍വെച്ചാണ് ഷമീര്‍ മരിച്ചത്. പരിക്കേറ്റ ഷാനിബ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്