ഗവര്‍ണറെ നേരിടാന്‍ നിയമോപദേശം; ഒരു മാസത്തിനിടെ സര്‍ക്കാര്‍ ചെലവഴിച്ചത് 60 ലക്ഷത്തിലധികം

ന്യൂഡല്‍ഹി: ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട വിവിധ നിയമ ഉപദേശങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് ഭരണഘടനാ വിദഗ്ദ്ധരുടെ നിയമോപദേശത്തതിന് സര്‍ക്കാര്‍ നല്‍കിയത് 60 ലക്ഷത്തിലധികം രൂപയാണ്.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമോപദേശം നല്‍കിയ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന് പതിനഞ്ച് ലക്ഷം രൂപം നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്ലിനെ സംബന്ധിച്ച് നല്‍കിയ നിയമോപദേശത്തിന് കൂടിയാണ് ഈ തുക നല്‍കുന്നത്.

കെടിയു വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ വിധിയിലും, സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്ലിനെ സംബന്ധിച്ചും മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയെന്ന വാര്‍ത്ത മാതൃഭൂമി ന്യൂസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാല കൃഷ്ണ കുറുപ്പ്, സ്റ്റേറ്റ് അറ്റോര്‍ണി സ്റ്റേറ്റ് അറ്റോര്‍ണി എന്‍.മനോജ്, സ്പെഷ്യല്‍ ഗവര്‍ന്മെന്റ് പ്ലീഡര്‍ ടി.ബി ഹൂദ് എന്നിവരാണ് ഡല്‍ഹിയില്‍ കെ.കെ വേണുഗോപാലുമായി ചര്‍ച്ച നടത്തിയിരുന്നത്.

ഒക്ടോബര്‍ 29,30 തീയതികളില്‍ ആണ് വേണുഗോപാലുമായി സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചകളില്‍ നല്‍കിയ വാക്കാലുള്ള നിയമ ഉപദേശത്തിന് ആണ് മുന്‍ അറ്റോര്‍ണി ജനറലിന് പതിനഞ്ച് ലക്ഷം നല്‍കുന്നത് എന്നാണ് സംസ്ഥാന നിയമ സെക്രട്ടറി വി ഹരി നായര്‍ പുറത്തിറക്കിയ ഉത്തരവില്‍ രേഖപെടുത്തിയിരിക്കുന്നത്. തുക മുന്‍ അറ്റോര്‍ണി ജനറലിന് കൈമാറാന്‍, അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയാണ്‌ നിയമ സെക്രട്ടറി ഉത്തരവ് ഇറക്കിയത്.

നിയമസഭാ പാസ്സാക്കിയ ബില്ലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് നിയമോപദേശം നല്‍കുന്നതിന് ഫാലി എസ് നരിമാന് മാത്രം ഫീസായി മുപ്പത് ലക്ഷം രൂപ നല്കാന്‍ നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നരിമാന്റെ ജൂനിയര്‍ സുഭാഷ് ചന്ദ്രയ്ക്ക് ഒമ്പത് ലക്ഷത്തി തൊണ്ണൂറ് ആയിരം രൂപയും, സഫീര്‍ അഹമ്മദിന് നാല് ലക്ഷം രൂപയും ഫീസ് ആയി നല്‍കി. നരിമാന്റെ ക്ലര്‍ക്ക് വിനോദ് കെ ആനന്ദിന് മൂന്ന് ലക്ഷം രൂപയാണ് നല്‍കിയത്.

Similar Articles

Comments

Advertismentspot_img

Most Popular