ന്യൂഡല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഇനിമുതല്‍ കമ്പനികള്‍ക്ക് തീരുമാനിക്കാം. തീരുമാനം ഈ മാസം 31 മുതല്‍ നിലവില്‍വരും. കോവിഡ് പ്രമാണിച്ചു നിലവില്‍വന്ന നിയന്ത്രണങ്ങളിലാണ് ഇളവ്.
ഓരോ റൂട്ടിലും കുറഞ്ഞതും കൂടിയതുമായ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന രീതി മാറും. ഇതോടെ യാത്രാനിരക്കില്‍ ഇളവുകള്‍ അനുവദിക്കാനും എയര്‍ലൈന്‍ കമ്പനികള്‍ക്ക് അവകാശം ലഭിക്കും.
എയല്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എ.ടി.എഫ്) വിലയിലുണ്ടാകുന്ന മാറ്റം വിലയിരുത്തിയാണു ടിക്കറ്റ് നിരക്കിലെ നിയന്ത്രണം എടുത്തുകളയാന്‍ തീരുമാനിച്ചതെന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. കോവിഡ് ആദ്യ തരംഗത്തിനുശേഷം 2020 മേയ് 25ന് സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോഴാണ് വ്യോമയാന മന്ത്രാലയം വിമാനത്തില്‍ യാത്ര ചെയ്യുന്ന സമയത്തിന്റെ അടിസ്‌ഥാനത്തില്‍ നിരക്ക് നിശ്‌ചയിക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ 40 മിനിറ്റില്‍ താഴെയുള്ള യാത്രയ്‌ക്ക് 2,900 മുതല്‍ 8,800 രൂപ വരെ മാത്രമേ ഈടാക്കാന്‍ സാധിക്കുമായിരുന്നുള്ളു. കമ്പനികള്‍ ക്രമാതീതമായി നിരക്ക് വര്‍ധിപ്പിക്കുന്നതു തടയാനാണ് പരമാധി ടിക്കറ്റ് വിലയും കേന്ദ്രം തന്നെ നിശ്‌ചയിച്ചത്.
നിയന്ത്രണം നീക്കണമെന്നു മാസങ്ങളായി വിമാനകമ്പനികള്‍ ആവശ്യപ്പെട്ട് വരികയായിരുന്നു. നഷ്‌ടത്തെ തുടര്‍ന്നു ഏതാനും വിമാനസര്‍വീസുകളും നിര്‍ത്തിവച്ചിരുന്നു.
പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍