മതപഠനകേന്ദ്രത്തിൽ അഞ്ചാംക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

തിരുനാവായ: കൈത്തക്കര ഹിഫ്ലുൽ ഖുർആൻ കോളേജിലെ അഞ്ചാംക്ലാസ് വിദ്യാർഥിയെ മതപഠനകേന്ദ്രത്തിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി ഒറുവിൽ ജംഷീർ-ഷഹർബാൻ ദമ്പതിമാരുടെ മകൻ മൊയ്തീൻ സാലിഹ് (11) ആണ് മരിച്ചത്.

വിദ്യാർഥികളെല്ലാം മഹല്ല് ജുമാമസ്ജിദിനടുത്തുള്ള കോളേജിൽ ഒരൊറ്റ വലിയ മുറിയിലാണ് കിടക്കാറുള്ളത്. ബുധനാഴ്ച പുലർച്ചെ അഞ്ചോടെ സഹപാഠികളായ വിദ്യാർഥികളാണ് തൂങ്ങിയനിലയിൽ കാണുന്നത്. പള്ളിക്കമ്മിറ്റി അംഗങ്ങളെ അറിയിച്ചതിനെത്തുടർന്ന് വാർഡംഗം കെ.ടി. മുസ്തഫ കൽപ്പകഞ്ചേരി പോലീസിനെ വിവരമറിയിച്ചു. എസ്.ഐ. എ.എം. യാസിറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മലപ്പുറത്തുനിന്നുള്ള വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഇരട്ടകളായ സാലിഹും ഹുസെയ്ൻ സാദിഖും മൂന്നുമാസം മുൻപാണ് കോളേജിൽ പഠനത്തിനെത്തിയത്. കഴിഞ്ഞദിവസം ബന്ധുവീട്ടിൽ ഇരുവരും പോയിരുന്നു. പനി ബാധിച്ചതിനാൽ സാദിഖിനെ കോളേജിലേക്ക് വീട്ടുകാർ അയച്ചില്ല. മരണത്തിനു കാരണമായവർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് പിതാവിന്റെ സഹോദരൻ നവാസ് ഷരീഫ് ആവശ്യപ്പെട്ടു. ഹുസ്ന നസ്റിനാണ് മരിച്ച മൊയ്തീൻ സാലിഹിന്റെ സഹോദരി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7